തുടക്കം അതിഗംഭീരം; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ജയം
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം.
യുഎഇയ്ക്കെതിരെ 58 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളിൽ കളി അവസാനിപ്പിച്ചു.
ഒൻപത് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (9 പന്തിൽ 20*), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (2 പന്തിൽ 7*) എന്നിവർ ചേർന്നാണ് ആദ്യ മത്സരത്തിൽ വിജയം കൊയ്തത്.
ഓപ്പണർ അഭിഷേക് ശർമ 16 പന്തിൽ 30 റൺസുമായി അടിച്ചെടുത്തു.
ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ സിക്സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ മൂന്നു സിക്സും രണ്ടു ഫോറും ആണ് നേടിയത്.
ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 1 സിക്സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു.
നായകൻ സൂര്യകുമാർ യാദവ് ഒരു സിക്സ് നേടി. ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറിൽ 57 റൺസിന് കളി അവസാനിപ്പിക്കുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റെടുത്ത ശിവം ദുബെ എന്നിവരാണ് യുഎഇയെ പ്രതിരോധത്തിലാക്കിയത്.
ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
യുഎഇ നിരയിൽ രണ്ടു ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പവർപ്ലേയിൽ, നാലാം ഓവറിൽ തന്നെ യുഎഇയുടെ ആദ്യ വിക്കറ്റ് നഷ്ടമായി.
ഓപ്പണറും മലയാളിയുമായ അലിഷൻ ഷറഫുവിനെ (22) ജസ്പ്രീത് ബുമ്രയാണ് കിടിലൻ യോർക്കറിൽ വീഴ്ത്തിയത്.
തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സൊഹൈബിനെ (2) വരുൺ ചക്രവർത്തിയും മടക്കി. ഒൻപതാം ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് കുൽദീപ് യാദവ് യുഎഇ ചുരുട്ടിക്കെട്ടിയത്.
ക്യാപ്റ്റൻ മുഹമ്മദ് വസീം (19), രാഹുൽ ചോപ്ര (3), ഹർഷിത് കൗശിക് (2) എന്നിവരുടെ വിക്കറ്റാണ് കുൽദീപ് ആ ഓവറിൽ എറിഞ്ഞിട്ടത്.
2024 ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായി ട്വന്റി20 കളിക്കുന്ന കുൽദീപ്, ടീമിലേക്കുള്ള തിരിച്ചുവരവിൽ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
9 ഓവറിൽ 50ന് 5 എന്ന നിലയിലായിരുന്നു യുഎഇക്ക്, പിന്നീട് 7 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള 5 വിക്കറ്റുകളും നഷ്ടമായി.
ശിവം ദുബെ മൂന്നു വിക്കറ്റു നേടി. രണ്ടു കിടിലൻ ക്യാച്ചുകളുമായി സഞ‌്ജു സാംസൺ വിക്കറ്റ് കീപ്പിങ്ങിലും തകർത്തു.
കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം ചൂടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് സഞ്ജു സാംസൺ.
കേരള ക്രിക്കറ്റ് ലീഗിൽ ലേലത്തിലൂടെ സഞ്ജുവിന് ലഭിച്ച തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്കു വീതിച്ചു നൽകാനാണ് തീരുമാനം.
ടീമിലെ പ്രധാന താരമായ സഞ്ജുവില്ലാതെ കെസിഎൽ സെമി ഫൈനലും ഫൈനലും കളിച്ച കൊച്ചി, കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെ കീഴടക്കിയാണ് കിരീടം ചൂടിയത്.
ഫൈനൽ പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെതിരെ 75 റൺസ് വിജയമാണ് കൊച്ചി സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം സെയിലേഴ്സ് 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. ലേലത്തിലൂടെ ലഭിച്ച 26.80 ലക്ഷം രൂപയാണ് സഞ്ജു കൊച്ചി താരങ്ങൾക്കു സമ്മാനിക്കുക.
കെസിഎലിലെ പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങളിൽ തകർത്തടിച്ച സഞ്ജു, ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 368 റൺസാണ് അഞ്ച് ഇന്നിങ്സുകളിൽ നിന്ന് നേടിയത്.
എന്നാൽ ഏഷ്യാകപ്പ് തയാറെടുപ്പുകൾക്കു വേണ്ടി ദുബായിലേക്കു പോകേണ്ടതിനാൽ പ്ലേ ഓഫിനു മുൻപ് സഞ്ജു കൊച്ചി ടീം ക്യാംപ് വിടുകയായിരുന്നു.
സഞ്ജുവിന്റെ അഭാവത്തിൽ മുഹമ്മദ് ഷാനുവായിരുന്നു കൊച്ചിയുടെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിന്റെ സഹോദരനായ സലി സാംസണാണ് 2025 സീസണില്‍ കൊച്ചിയെ നയിച്ചത്.









