കേപ്ടൗണ്‍: നാണക്കേട് മറയ്ക്കാനായി സമനില നേടണമെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്നു. കേപ്ടൗണിൽ വെച്ച് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഉച്ചയ്ക്ക് 1.30യ്ക്ക് തുടക്കമാവും. ആദ്യ മത്സരത്തിൽ ഇന്നിംഗ്സ് തോൽവിയ്ക്ക് വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചെങ്കിലേ സമനില എങ്കിലും നേടാൻ കഴിയുകയുള്ളു.
ഏറെ നാളത്തെ മോഹമായ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹം സെഞ്ചൂറിയനിലെ ഇന്നിംഗ്സ് തോൽവിയോടെ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ തെംബ ബാവുമായ്ക്ക് പകരം ടീമിനെ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ താരം ഡീൻ എൽഗാറിന്‍റെ വിടവാങ്ങൽ ടെസ്റ്റിൽ വിജയത്തിൽ കുറഞ്ഞതൊന്നും ദക്ഷിണാഫ്രിക്കയും ആഗ്രഹിക്കുന്നില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോം വീണ്ടെടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
ആർ അശ്വിന് പകരം പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിലെത്തുമെന്ന് ഉറപ്പ്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറും പരിഗണനയിൽ ഉണ്ട്. ബാവുമയ്ക്ക് പകരം സുബൈർ ഹംസയും കോയെറ്റ്സീക്ക് പകരം കേശവ് മഹാരാജും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉൾപ്പെടും. കേപ്ടൗണിൽ പേസർമാരെ തുണയ്ക്കുന്ന വിക്കറ്റായതിനാൽ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുൽ എന്നിവരുടെ പ്രകടനം നിർണായകമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനുള്ളത്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യൻ ടീം തോറ്റത്.
Read Also: 2024ല്‍ ഇന്ത്യയ്ക്ക് നെട്ടോട്ടം; കാത്തിരിക്കുന്നത് ഒട്ടേറെ മത്സരങ്ങൾ, വിശദമായറിയാം