ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കനത്ത തിരിച്ചടിയുമായി ഇന്ത്യ. കടുത്ത തീരുമാനങ്ങളാണ് പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.
അട്ടാരിയിലെ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരന്മാരുടെയും വീസ റദ്ദാക്കി. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം എന്നാണ് അറിയിപ്പ്.
ഇനി പാക്ക് പൗരന്മാർക്ക് വീസ നൽകില്ല എന്നും തീരുമാനിച്ചു. കൂടാതെ ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന്മാരുടെ എണ്ണം 55ൽ നിന്ന് 30 ആക്കി വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യ തീരുമാനിച്ചു.
സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാക്കിസ്താന്‍ മിഷനില്‍ നിന്നുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭ സമിതി യോഗം നടന്നത്.