ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്.ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. India-South Africa final match in T20 World Cup today
രണ്ട് ടീമും താരസമ്പന്നമായതിനാല്‍ ആരാവും കപ്പ് നേടുകയെന്ന് പ്രവചിക്കുക പോലും അസാധ്യം. കൂടുതല്‍ പ്രമുഖരും ഇന്ത്യക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.
ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം.ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്ത് ശക്തമാണ്. ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍ എന്നീ പേസര്‍മാര്‍ മികച്ച ഫോമിലാണ് പന്തെറിയുന്നത്.
ഇവരെല്ലാം ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ കളിച്ചിട്ടുള്ള താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യം കൃത്യമായി അറിയാം. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
വിരാട് കോലി, റിഷഭ് പന്ത്, ശിവം ദുബെ എന്നിവര്‍ ഫൈനലില്‍ ഫോം കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ റിസര്‍വ് ഡേയടക്കം പരിഗണിച്ച് ഏത് വിധേനയും മത്സരം നടത്താനാണ് ഐസിസി ശ്രമിക്കുന്നത്. എന്തായാലും കിരീട പോരാട്ടം കടുക്കുമെന്ന കാര്യം നിസംശയം പറയാം.
ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ക്ക് സമാനമായി ഫൈനലിനും മഴ ഭീഷണിയുണ്ട്. ഇന്ത്യ ഇംഗ്ലണ്ട് സെമി മത്സരത്തിനെയും മഴ കാര്യമായി ബാധിച്ചിരുന്നു. ബാര്‍ബഡോസില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം.
പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.
മഴ നിയമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മത്സരം നടക്കുന്ന സമയത്ത് മഴ പെയ്ത് കളിക്കാന്‍ സാധിക്കാതെ പോയാല്‍ 190 മിനിറ്റ് വരെ അധികസമയം അനുവദിക്കും.
നോക്ക് ഔട്ട് ഘട്ടത്തില്‍ ഒരു മത്സരം ഔദ്യോഗികമായി നടക്കണമെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കണം. ഇരുടീമുകള്‍ക്കും കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെക്കും.
മത്സരം റിസര്‍വ് ദിവസവും നടക്കുന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ തീരുമാനിക്കാനാണ് ആദ്യം ശ്രമിക്കുക. മത്സരം ടൈ ആയാലും സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ തീരുമാനിക്കുക.
റിസര്‍വ് ദിനത്തിലും മത്സരം ഒട്ടും തന്നെ നടക്കുന്നില്ലെങ്കില്‍ ഫൈനലിലെത്തിയ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് ഏകദേശം 20.36 കോടി രൂപയാണ്. റണ്ണറപ്പാകുന്ന ടീമിന് 10.63 കോടിയാണ് സമ്മാനത്തുക.
സെമിയില്‍ കളിച്ച ടീമുകള്‍ക്ക് 6.5 കോടി രൂപ വീതം ലഭിക്കും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനുമാണ് സെമിയില്‍ പുറത്തായ ടീമുകള്‍. സൂപ്പര്‍ എട്ട് കളിച്ച ടീമുകള്‍ക്ക് 3.6 കോടിയാണ് സമ്മാനത്തുക.
ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍. വമ്പന്‍ സമ്മാനത്തുക എന്നതിലുപരിയായി അഭിമാന കിരീടം എന്നതാണ് താരങ്ങളുടെ ലക്ഷ്യം. ഐസിസി കിരീടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. ശക്തമായ പോരാട്ടം തന്നെ ഇതിനായി കാഴ്ചവെക്കണം.