ബെംഗളൂരു: രാജ്യത്ത് കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഉഷ്ണതരംഗമുണ്ടാകുമെന്നാണ് വിവരം.
ന്യുഡൽഹിയിൽ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഡൽഹിക്ക് പുറമെ ഹിമാചൽ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡിഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ച 45.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
സാധാരണയുള്ളതിലും 6.8 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് പ്രദേശത്ത് ഇന്നലെ അനുഭവപ്പെട്ടത്.
ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.
ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ മൂന്ന് മുതൽ 6.9 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഏപ്രിൽ ആറ് മുതൽ പത്ത് വരെ ഗുജറാത്തിലും ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്.
സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടായേക്കുമെന്നും അതുകൊണ്ട് ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ മൂന്ന് ദിവസമായി പല ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. എങ്കിലും പകൽ സമയത്തെ ചൂടിന് കുറവില്ല.









