ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായി നടക്കുന്ന ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് ബാറ്റർ ഷഫാലി വർമയെ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. പകരമായി മലയാളി താരം മിന്നുമണി ടീമിൽ ഇടംനേടി.
തേജൽ ഹസബ്‌നിസും സൈമ ഠാക്കൂറുമാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ഇവർ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരിക്ക് മൂലം കളികളിൽ നിന്ന് വിട്ടുനിന്നിരുന്ന പേസർ ഹർലീൻ ഡിയോളും തിരിച്ചെത്തിയിട്ടുണ്ട്.
ഈ വർഷം ഇതുവരെ നടന്ന ആറ് മത്സരങ്ങളിൽ നിന്നായി 108 റൺസ് മാത്രമാണ് ഷഫാലിക്ക് നേടാൻ സാധിച്ചത്. മുൻ മത്സരങ്ങളിലെ മോശം പ്രകടനത്തിനു ശേഷമാണ് ഷഫാലിയെ ഒഴിവാക്കാൻ ബിസിസിഐ തീരുമാനിച്ചത്. 33 റൺസായിരുന്നു ഷഫാലിയുടെ ഉയർന്ന സ്‌കോർ. ദയാലൻ ഹേമലത, ഉമാ ചേത്രി, സയാലി സത്ഗരെ എന്നിവരും ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇടംപിടിച്ചിട്ടില്ല.
ഹർമൻപ്രീത് കൗർ ആണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. യാസ്തിക ഭാട്ടിയും റിച്ച ഘോഷുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ആദ്യ ഏകദിനം ബ്രിസ്‌ബെയ്‌നിലാണ് നടക്കുന്നത്. ഡിസംബർ 5 നാണ് ആദ്യമത്സരം. രണ്ടാം ഏകദിനം ഇതേ വേദിയിൽ ഡിസംബർ 8ന് നടക്കും. അവസാന മത്സരം 11 ന് പെർത്തിലാണ്. ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ) പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിംഗ് ഠാക്കൂർ, സൈമ ഠാക്കൂർ. ഹർലീൻ ഡിയോൾ, തേജൽ ഹസബ്‌നിസ്, ദീപ്തി ശർമ, മിന്നുമണി