പ്രതിദിനം ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ വർധിച്ചു വരികയാണ്. കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് ഒഴിഞ്ഞു പോയെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ചെറുപ്പം തൊട്ടേ തുടങ്ങുന്ന മാനസികസമ്മർദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്.
ചെറുപ്രായക്കാരിൽ പലരും വ്യായാമത്തോട് വിമുഖത കാണിക്കുന്നവരാണ്. ജോലിയൊക്കെ ആവുന്നതോടെ ചെറുപ്പത്തിൽ തന്നെ താങ്ങാനാവാത്ത ചുമതലകളും സമ്മർദ്ദങ്ങളും കൂടിയാണ് അവർ ഏറ്റുവാങ്ങുന്നത്. ശരീരമനങ്ങാതെയുള്ള ജോലിയും നിയന്ത്രണമില്ലാത്ത ഭക്ഷണസംസ്കാരവും കൂടിയായതോടെ ജീവിതശൈലിരോഗങ്ങളും പിടികൂടി. വൈകുന്നേരങ്ങളിൽ ഫാസ്റ്റ് ഫുഡിനെ മാത്രം ആശ്രയിക്കാനാരംഭിച്ചു, ഉറക്കമില്ലായ്മ. ഈ തലമുറയിലെ ചെറുപ്പക്കാരിൽ ഹൃദയത്തിന്റെ ആരോഗ്യം മോശമായി തുടങ്ങിയത് ഇങ്ങനെയൊക്കെയാണ്.
ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുതുടങ്ങുമ്പോൾ തുടക്കത്തിൽ ലക്ഷണങ്ങൾ കാണണമെന്നില്ല. ഈ കൊഴുപ്പ് കൂടുതൽ അകത്തേക്ക് നീങ്ങുകയോ രക്തപ്രവാഹം 70% വരെ തടസപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് വേദനയുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതുവരെ രോഗികൾ പുറമെ പൂർണആരോഗ്യമുള്ളവരായി തന്നെ കാണപ്പെടും.
അതിനാൽ തന്നെ മുപ്പതുകളിൽ എത്തുന്നത് വരെ കാത്തിരിക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവരും വർഷത്തിലൊരിക്കലെങ്കിലും പ്രമേഹം, കൊളസ്റ്ററോൾ, തൈറോയ്ഡ്, രക്തസമ്മർദ്ദം എന്നിവ പരിശോധിച്ച് ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നത് നല്ലതാണ്. പുകവലി, മദ്യപാനം, കൂർക്കംവലി എന്നിവയോടൊപ്പം അമിതമായ ശരീരഭാരം കൂടിയുണ്ടെങ്കിൽ എത്രയും നേരത്തെ അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും വേണം.
ഹൃദ്രോഗികൾ മുട്ട കഴിക്കാമോ?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു നല്ല ഭക്ഷണമാണ് മുട്ട. മിതത്വം പാലിച്ചു കഴിച്ചാൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും മുട്ടയിൽ നിന്ന് ലഭിക്കും. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. എന്നാൽ ധാരാളം വൈറ്റമിനുകളും ആരോഗ്യകരമായ പ്രോട്ടീനും നല്ല കൊളസ്ട്രോളും ഫാറ്റി ആസിഡുകളും അടങ്ങുന്നതാണ് മുട്ടയുടെ മഞ്ഞ.
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മഞ്ഞയുൾപ്പെടെ മൂന്ന് മുട്ടകൾ വരെ ഒരു ദിവസം സുരക്ഷിതമായി കഴിക്കാം. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും ഹൃദ്രോഗങ്ങൾ ഉള്ളവരും ആഴ്ചയിൽ മൂന്ന് മുട്ടകൾ മാത്രമേ കഴിക്കാവൂ. മുട്ടയുടെ വെള്ളയിൽ ശരീരത്തിനേറേ ഗുണകരമായ പ്രോടീൻ മാത്രമാണുള്ളത്. അതിനാൽ മുട്ടയുടെ വെള്ള ആവശ്യാനുസരണം കഴിക്കാവുന്നതാണ്.









