തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടർന്ന് ഡോക്ടർ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവർ ലിഫ്റ്റിൽ കുടുങ്ങി.In Thiruvananthapuram Medical College, after the patient, the doctor also got stuck in the lift
കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയത് വിവാദമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. നിയമസഭയിലെ താൽക്കാലിക ജീവനക്കാരനാണ്. രണ്ടു ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ രവീന്ദ്രൻ നായരെ കണ്ടെത്തുന്നത്.
രണ്ടു രാത്രിയും ഒരു പകലുമാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയതായിരുന്നു. ഈ സംഭവത്തിൽ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.