പഹല്‍ഗാം ഭീകരാക്രമണം; ഒരാള്‍ കൂടി പിടിയിൽ
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരാള്‍ കൂടി പിടിയിലായി. മുഹമ്മദ് കഠാരിയ (26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭീകരവാദികള്‍ക്ക് സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കഠാരിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധന നടത്തിയ ശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
കശ്മീരില്‍ കരാര്‍ ജോലികളിലേര്‍പ്പെട്ടു വന്നിരുന്ന ഇയാൾ പ്രാദേശികമായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ തീവ്രവാദ നിങ്ങള്‍ക്ക് സഹായം നല്‍കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പ് ലഷ്‌കര്‍ ഗ്രൂപ്പിന് കുല്‍ഗാം ഫോറസ്റ്റിലൂടെ നുഴഞ്ഞുകയറാന്‍ ഇയാൾ സഹായിച്ചിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ബൈസരണ്‍ വാലിയില്‍ ഏപ്രില്‍ 22ന് ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മലയാളിയടക്കം 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
ലഡാക്കിൽ പ്രതിഷേധമിരമ്പുന്നു; നാലുപേർ കൊല്ലപ്പെട്ടു
ലേ: സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പ്രതിഷേധം കനക്കുന്നു. സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം.
70 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമാകുകയായിരുന്നു.
അതേസമയം സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലേ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയതതിന് പിന്നാലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും സോനം വാങ്ചുക് പ്രതികരിച്ചു.
എല്ലാവരും സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്‌സിലൂടെ ആവശ്യപ്പെട്ടു.കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്.
സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരം നടത്തുന്നത്.
ഈ സമരത്തിന് പിന്തുണയേകാനായി യുവജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു.അതേസമയം കാർഗിൽ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാർഗിലി , ലേയിലെ സംഭവവികാസങ്ങളെ നിർഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്.
സർക്കാരിൻ്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരു കാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം എക്സിൽ ചൂണ്ടിക്കാട്ടി.
ചർച്ചകൾ പുനഃരാരംഭിച്ച് വിവേകത്തോടെ പ്രവർത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Summary: In the Pahalgam terror attack case, another arrest has been made. A 26-year-old man, Muhammad Kathariya, was taken into custody for allegedly assisting the terrorists.









