തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർ ജീവനൊടുക്കുന്ന വാർത്തകൾ ദിനംപ്രതി പെരുകുകയാണ്. ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാൻ കഴിയാത്തതാണ് മിക്ക മരണങ്ങൾക്കും കാരണമെന്നത് ഏറെ ദൗർഭാഗ്യകരം. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജ് (49) ആണ് ഒടുവിൽ ആത്മഹത്യ ചെയ്തത്. അങ്കമാലി പുളിയനത്തുള്ള വീട്ടുവളപ്പിൽ ബാബുരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായായിരുന്നു. പോലീസിൽ 25 വർഷത്തെ സർവീസുള്ള ഉദ്യോഗസ്ഥനാണ്. സൈബർ സെല്ലിലായിരുന്ന ബാബുരാജ് അടുത്തിടെയാണ് സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറിയത്. ഏതാനും ദിവസങ്ങളായി ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് വിവരം.
കേരളത്തിൽ അഞ്ച് വർഷത്തിനിടെ 70 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ടു പേർ ജീവനൊടുക്കാൻ ശ്രമിച്ചു. ആത്മഹത്യകൾ കൂടിയതിനെത്തുടർന്ന് പൊലീസ് ശേഖരിച്ച കണക്കിലാണ് ഈ വിവരങ്ങൾ. 2019 ജനുവരി മുതൽ 2023 സെപ്തംബർ വരെയാണ് 69 ആത്മഹത്യകൾ നടന്നത്. ഇതിൽ 32 സിവിൽ പൊലീസ് ഓഫീസർമാർ, 16 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 8 ഗ്രേഡ് എസ്.ഐമാർ, ഒരു ഇൻസ്പെക്ടർ എന്നിവരുണ്ട്. 2023 സെപ്തംബർ വരെ 5 പേർ ആത്മഹത്യാശ്രമം നടത്തി. 2020, 21 വർഷങ്ങളിൽ രണ്ടുവീതവും 2022ൽ മൂന്നും പൊലീസുകാർ ജീവനൊടുക്കാൻ ശ്രമിച്ചു. ആറു വീതം സി.പി.ഒമാരും സീനിയർ സി.പി.ഒമാരുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക, ജോലി സമ്മർദ്ദമാണ് ഭൂരിഭാഗം പേരെയും ആത്മഹത്യയിലേക്ക് നയിച്ചത്.
പോലീസുകാർ തുടരെ ജീവനൊടുക്കുന്ന സാഹചര്യത്തിൽ, സേനാംഗങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. സി.പി.ഒ മുതൽ ഡിവൈ.എസ്.പിമാർ വരെയുള്ളവർക്ക് അടുത്തുള്ള സ്റ്റേഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥനാവും മാർഗ്ഗനിർദ്ദേശിയാവുക. ഇദ്ദേഹത്തോട് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രശ്‌നങ്ങൾ ഒഴിവാക്കാനും കഴിയുന്നതിലൂടെ ആത്മഹത്യകൾ കുറയ്ക്കാനാവുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.
അന്യസംസ്ഥാന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ‘സീനിയർ മെന്ററിംഗ് സ്‌കീം’ എന്ന പേരിൽ മെന്ററിംഗ് സംവിധാനം നിലവിലുണ്ട്. ജൂനിയർ ഐ.പി.എസുകാർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് ഡി.ഐ.ജിയോ മേലുദ്യോഗസ്ഥരോ ആണ്. മികച്ച പ്രവർത്തന റെക്കാർഡുള്ളവരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെയാവും മാർഗദർശികളാക്കുക. ജോലിഭാരം, മേലുദ്യോഗസ്ഥന്റെ പീഡനം, അപമര്യാദ, അധികാരതർക്കം, സമ്മർദ്ദം തുടങ്ങിയവ മാർഗ്ഗനിർദ്ദേശിയെ അറിയിക്കാം. എന്തായാലും പോലീസിൽ ആത്മഹത്യകൾ തടയാൻ കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ തേടുകയാണ് സർക്കാർ.