ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി
പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ ശബരിമലയിലേക്ക് യാത്ര നടത്തിയ സംഭവത്തിൽ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടി സ്പെഷ്യൽ കമ്മീഷണർ.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
അത് ലംഘിച്ച് പൊലീസ് ഉന്നതൻ ട്രാക്ടറിൽ മലകയറി എന്നാണ് വിവരം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.
പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി നട തുറന്നിരുന്നു.
ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന വന്യജീവി ബോർഡ്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ ഓൺലൈൻ യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്.
ഇനി ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയാണ് വേണ്ടത്. ഈ അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കും.
നേരത്തെ വനംവകുപ്പ് ക്ലിയറൻസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനായി 4.5336 ഹെക്ടർ വനഭൂമിക്ക് പകരം റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. ശരണപാതയുടെ പരമാവധി സമീപത്തുകൂടിയാണ് റോപ്പ് വേയുടെ നിർമാണം നടക്കുക.
പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് നീളം. അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനു വേണ്ടിയാണ് റോപ് വേ നിർമിക്കുന്നത്.
വർഷം 40,000 മുതൽ 60,000 ടൺവരെ സാധനസാമഗ്രികൾ റോപ്പ് വേ വഴി കൊണ്ടുപോകാൻ കഴിയും.
കൂടാതെ അടിയന്തരഘട്ടങ്ങളിൽ കാറും ആംബുലൻസും കൊണ്ടുപോകാനാകും. 2.7 കിലോമീറ്റർ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
ദുരിതപാതയായി നീലിമലപാത
കല്ലിട്ടു മിനുക്കിയ ശബരിമല പരമ്പരാഗത നീലിമലപാത ഇപ്പോൾ ദേവസ്വംബോർഡിന് തലവേദനയായിരിക്കുകയാണ്. മഴക്കാലത്ത് തീർഥാടകർ തെന്നിവീഴാൻ തുടങ്ങിയതോടെ നീലിമലയാത്രക്ക് വിലക്കേർപ്പെടുത്തി.
പരമ്പരാഗത നീലിമല പാത രണ്ട് വർഷം മുൻപ് ആണ് കല്ലിട്ടു മിനുക്കിയത്. കേന്ദ്രസർക്കാരിൻറെ സ്വദേശി ദർശൻ പദ്ധതിപ്രകാരം12 കോടി ചെലവിട്ടു കല്ലുപാകുകയും കുത്തു കയറ്റങ്ങളെല്ലാം കൽപ്പടവുകളാക്കുകയും ചെയ്‌തു.
രണ്ട് കിലോമീറ്ററിലധികം ദൂരമാണ് കല്ലുപാകിയത്. ഒരുഭാഗത്ത് ആംബുലൻസിന് പോകാൻ പാകത്തിന് പരുക്കൻ കോൺക്രീറ്റിട്ട ഭാഗവും ഒരുക്കിയിട്ടുണ്ട്.
എന്നാൽ നിർമാണ സമയത്ത് പരുക്കൻ കല്ലുകളാണ് നിരത്തിയതെങ്കിലും തീർഥാടകർ ചവിട്ടിക്കയറി മിക്കയിടത്തും കല്ല് മിനുങ്ങി. കൂടാതെ മഴ പെയ്യുന്നതോടെ കല്ലിൽ പായൽ പിടിച്ച് വഴുക്കൽ വരാനും തുടങ്ങി.
ഒപ്പം മരങ്ങളിലെ ഇലകൾ വീണ് അഴുകുന്നതും ചെളി ഒഴുകി നിറയുന്നതും വഴുക്കൽ ഇരട്ടിയാക്കും. എത്ര ശുചീകരിച്ചാലും വഴുക്കൽ മാറാത്ത സ്ഥിതിയാണ്. ഇതുമൂലം കഴിഞ്ഞദിവസങ്ങിൽ ഒട്ടേറെ തീർഥാടകർക്ക് ആണ് വീണ് പരുക്കേറ്റത്. ഇതോടെയാണ് ഇതുവഴിയുള്ള യാത്ര വിലക്കിയത്.
അപകടസാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും ചിങ്ങമാസ പൂജയ്ക്കുമുമ്പ് പരിഹരിക്കുമെന്നും ദേവസ്വംബോർഡ് പ്രസിഡൻറ് അറിയിച്ചു.
അതിനിടെ രണ്ടു ദിവസം മുൻപ് ശബരിമലയിൽ രണ്ടുപേർ കുഴഞ്ഞു വീണ് മരിച്ചു. തീർത്ഥാടകനും ദേവസ്വം ഗാർഡും ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് തീർത്ഥാടകൻ കുഴഞ്ഞു വീണു മരിച്ചത്.
കർണാടക രാമനഗർ സ്വദേശി പ്രജ്വൽ(20) ആണ് മരിച്ചത്. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാർഡായ ഗോപകുമാർ മരിച്ചത്. മരക്കൂട്ടത്ത് താൽക്കാലിക ദേവസ്വം ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
കുഴഞ്ഞു വീണ ഉടൻ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപകുമാറിന്റെ ജീവനും രക്ഷിക്കാനായില്ല.
മിഥുനമാസ പൂജകൾക്കായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശബരിമല നട തുറന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
English SUmmary:
In response to a senior police officer traveling to Sabarimala in a tractor, the Special Commissioner has sought a report from the Devaswom Vigilance. The incident has raised concerns, as the High Court has issued a directive prohibiting the transport of individuals by tractor from Pampa to Sannidhanam.