കേരളത്തിൽ മഴ കനക്കുമെന്ന് അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) ബംഗാൾ ഉൾക്കടലിൽ രണ്ടാമത്തെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇത് തീവ്രന്യൂനമർദമായി സെപ്റ്റംബർ 27ന് ആന്ധ്രാ – ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചേക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്.
പസഫിക് ചുഴലിക്കാറ്റ്, നിലവിലെ ന്യൂനമർദത്തിന്റെ സ്വാധീനം, വരാനിരിക്കുന്ന ന്യൂനമർദം എന്നിവയുടെ ഫലമായി ഈ മാസം അവസാനം വരെ സംസ്ഥാനത്ത് പൊതുവെ മഴയിൽ വർധനവ് ഉണ്ടാകും. ഈ മാസം 25ന് ശേഷം മഴ കൂടാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം ബംഗാൾ ഉൾക്കടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ (Ragasa) ചുഴലിക്കാറ്റ് സജീവമാണ്. ബുധനാഴ്ച ഹോങ്കോങ്ങിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
കൂടാതെ തെക്കൻ തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഇതോടെ റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തായ്‌വാനിൽ കനത്ത മഴയിൽ 14 പേരാണ് മരിച്ചത്.
മഴയിൽ മുങ്ങി കൊൽക്കത്തകൊൽക്കത്തയിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെ കനത്ത മഴയാണ് പെയ്തത്. 7 സ്റ്റേഷനുകളിൽ മേഘ വിസ്ഫോടന മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 4 പതിറ്റാണ്ടിനിടയിൽ കൊൽക്കത്തയിലുണ്ടായ ഏറ്റവും വലിയ മഴയിൽ ജനജീവിതം സ്തംഭിച്ചു. 10 പേർക്കാണ് ജീവൻ നഷ്ടമായത്.
ഇതിൽ പലരും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ട്രെയിൻ, മെട്രോ ഗതാഗതത്തെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കി. 30 വിമാന സർവീസുകളും റദ്ദാക്കി.
ലാനിന: തുലാത്തിൽ കൂടുതൽ മഴ
ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകും എന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ലാനിന എന്താണ്?
ലാനിന പ്രതിഭാസം ഉണ്ടാകുന്നത് പെറു തീരത്തോട് ചേർന്ന മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ കുറയുമ്പോൾ ആണ്.
ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ വീണ്ടും ലാനിന സജീവമാകുന്നത്.
ഒക്ടോബറിൽ സജീവമാകും, ജനുവരിവരെ തുടരുംlഒക്ടോബറോടെ ലാനിന പ്രതിഭാസം ശക്തമാകും. ഇത് ജനുവരിവരെ തുടരാൻ സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്റ്റംബർ 15 ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങും.
ഒക്ടോബറോടെ മൺസൂൺ പൂർണമായി പിൻവാങ്ങിയ ശേഷമാണ് ലാനിന സജീവമാകുക.
കേരളത്തിൽ കൂടുതൽ മഴലാനിന സജീവമാകുമ്പോൾ, തുലാവർഷകാലത്ത് കേരളത്തിലും ദക്ഷിണേന്ത്യയിലും മഴ ശക്തമാകും.
കേരള കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു, “ലാനിന സജീവമായാൽ തുലാവർഷത്തിൽ കൂടുതൽ മഴ കേരളത്തിൽ ലഭിക്കും.”
മഴ മാറി നിന്നാൽ മാത്രമേ ശൈത്യത്തിൽ വലിയ വ്യത്യാസം ഉണ്ടാകുകയുള്ളൂ. അതിനാൽ, തണുപ്പ് കാര്യമായി ബാധിക്കില്ല എന്നാണ് വിലയിരുത്തൽ.
Summary: The India Meteorological Department (IMD) has issued a warning of heavy rainfall in Kerala. A new low-pressure area is likely to form over the Bay of Bengal by Thursday, September 25.









