വേനലെത്തിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അനധികൃത കുഴൽ കിണർ നിർമാണവും ജലചൂഷണവും വ്യാപകമാവുന്നു. സാധാരണയായി ഗാർഹിക ആവശ്യത്തിനുള്ള കുഴൽക്കിണറുകൾ 110 എം.എം. 100 മീറ്ററിലും ആഴം ആവശ്യമുള്ള സ്ഥലങ്ങളിൽ 110 എം.എം. 150 മീറ്ററിൽ കൂടാത്ത ആഴത്തിലും അനുമതിയില്ലാതെ നിർമിക്കാം. ബാക്കിയുള്ള കുഴൽ കിണർ നിർമ്മാണങ്ങൾക്ക് ഭൂജല വകുപ്പിന്റെ മുൻകൂർ അനുമതി വേണം.
എന്നാൽ കാർഷിക ആവശ്യത്തിനുൾപ്പെടെ അനുമതിയില്ലാതെ വൻ തോതിലാണ് കുഴൽ കിണർ നിർമാണം നടക്കുന്നത്. ഭൂഗർഭ അറകളിലെ ശുദ്ധജലം ഇങ്ങിനെ ഊറ്റിയെടുക്കുന്നത് മറ്റ് ജല സ്രോതസുകൾക്ക് ഭീഷണിയാണ്. ആഴങ്ങളിലുള്ള ഖനനം ഭൂമിയിൽ വിള്ളലുകൾക്കും പ്രകൃതി ദുരന്തത്തിനും കാരണമാവും.
കാർഷികാവശ്യങ്ങൾക്കും സർക്കാർ നിർദേശിച്ചതിനേക്കാൾ വലിയ അളവിലും കുഴൽ കിണർ കുഴിക്കാൻ ഭൂജല വകുപ്പിന്റെ മുൻകൂർ അനുമതി വേണം. തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേനയാണ് ഭൂജല വകുപ്പ് അനുമതി നൽകുന്നത്. എന്നാൽ ഹൈറേഞ്ചിൽ ഈ നിർദേശങ്ങൾ പാലിക്കാതെയാണ് ജലമൂറ്റ്.
വയൽ,പുഴ,താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കുഴൽ കിണർ നിർമിക്കരുത് എന്ന നിയമവും ലംഘിക്കപ്പെടുകയാണ്. കിണർ നിർമിക്കുന്നതിന് സമീപം ഡ്രില്ലിങ് ഏജൻസിയുടെയോ ഉടമയുടെയോ മേൽവിലാസം ഉൾപ്പെടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം.കിണറിന് ചുറ്റും സിമന്റ് ഉപയോഗിച്ച് പ്രതലം നിർമിക്കണം. എന്നാൽ കുഴൽ കിണർ നിർമാണ സമയത്തും തുടർന്നും ഈ നിയമങ്ങളൊന്നും നടപ്പാവാറില്ല.
ഭൂജല വകുപ്പിന്റെ റിഗ്ഗ് രജിസ്ട്രേഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും എത്തിച്ച കുഴൽ കിണർ നിർമാണ യന്ത്രങ്ങൾ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അനധികൃത നിർമാണ് അറിഞ്ഞ് അധികൃതർ സ്ഥലത്തെത്തുമ്പോഴയ്ക്കും നിർമാണം കഴിഞ്ഞ് വാഹനങ്ങൾ സ്ഥലം വി്ട്ടിരിക്കും.