കൊല്ലത്ത് ഹോട്ടലിൽ ലൈസൻസില്ലാതെ കള്ള് വിൽപനയ്ക്ക് സൂക്ഷിച്ചു. ഹോട്ടൽ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള സ്വദേശിയായ ഉപേന്ദ്രബാബുവാണ് അറസ്റ്റിലായത്. കൊല്ലം എക്സൈസ് റേഞ്ചിന്റെ പരിധിയിൽ പ്രവർത്തിച്ചിരുന്ന ഓലയിൽ ഷാപ്പിലാണ് ലൈസൻസ് പുതുക്കാതെ അനധികൃതമായി ഇയാൾ കള്ള് വിൽപ്പന നടത്തിയിരുന്നത്.
ലൈസൻസ് പുതുക്കാതെ ഇപ്പോൾ ഹോട്ടലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും 16 ലിറ്റർ കള്ള് എക്സൈസ് സംഘം പിടിച്ചെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, കൊല്ലം ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, കൊല്ലം എക്സൈസ് സർക്കിൾ, റേഞ്ച് സംഘവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
പരിശോധന സംഘത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗമായ എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്.മനോജ് കുമാർ, കൊല്ലം ഐബി യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ മനു, കൊല്ലം റെയിഞ്ച് ഇൻസ്‌പെക്ടർ വിഷ്ണുവും സംഘവും, കൊല്ലം സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരും കൊല്ലം ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
English summary : Illegal sale of toddy in the Ola shop ; the owner was arrested