ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന തന്റെ പ്രസ്താവനയിൽ ഉറച്ച് നിന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. ഇതിൽ എന്ത് സംവാദത്തിനും തയാറാണെന്നും കാമകോടി വ്യക്തമാക്കി. തന്റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല.
ശ്‌സാത്രീയമായ അറിവു കൊണ്ടാണ് സംസാരിച്ചത്. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ യുഎസിൽ അടക്കം നടന്നിട്ടുണ്ട്. അണുനശീകരണം സംബന്ധിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കാമകോടി വ്യക്തമാക്കി.
ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കാമകോടി പറയുന്നു. ഐഐടികളിലടക്കും ഗോമൂത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും കാമകോടി അവകാശപ്പെട്ടു.
ഉത്സവ സമയങ്ങളിൽ ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ അടക്കം പഞ്ചഗവ്യം വാങ്ങാൻ സാധിക്കുമെന്നും കാമകോടി പ്രതികരിച്ചു.
പൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന ഒരു ഗോപൂജാ ചടങ്ങിൽ ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നാണ് കാമകോടി പ്രസംഗിച്ചത് വിവാദമായിരുന്നു.
അച്ഛന് പനി വന്നപ്പോൾ ഗോമൂത്രം കുടിക്കാൻ നൽകിയെന്നും, അപ്പോൾ തന്നെ പനി മാറിയെന്നുമാണ് കാമകോടി പ്രസംഗിച്ചത്. ഒരു ദിവസം തന്റെ അച്ഛന് കടുത്തപനി അനുഭവപ്പെട്ടു. ഡോക്ടറെ വിളിക്കാനുള്ള തയാറെടുപ്പുകൾക്കിടെ ഒരു സന്യാസി വീട്ടിലേക്ക് എത്തി.
ഡോക്ടറെ വിളിക്കേണ്ടെന്നും ‘ഗോമൂത്രം വിഭാമി’ എന്നും പറഞ്ഞു. ഉടൻ തന്നെ ഗോമൂത്രം സംഘടിപ്പിച്ച് അച്ഛന് നൽകി. 15 മിനിറ്റിൽ പനി പമ്പകടന്നു. ആ സന്യാസിയുടെ പേര് ഓർമ്മയില്ല.
ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയും എന്നുമായിരുന്നു കാമകോടിയുടെ പ്രസംഗം.









