ബെംഗളൂരു: 2023 സാഫ് ഫുട്ബോള്‍ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ വിവാദത്തിന് തിരികൊളുത്തിയ ഇഗോര്‍ സ്റ്റിമാച്ചിന് പിഴ. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ സ്റ്റിമാച്ചിന് ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വറുള്‍ ഹഖാണ് ഇക്കാര്യമറിയിച്ചത്.
ഇന്ത്യന്‍ ടീമിന് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച സ്റ്റിമാച്ചിനെ ടൂര്‍ണമെന്റില്‍ നിന്നുതന്നെ വിലക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സാഫിന്റെ തീരുമാനം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. 24 ന് നടക്കുന്ന ഇന്ത്യ-നേപ്പാള്‍ മത്സരത്തിലാണ് സ്റ്റിമാച്ച് പുറത്തിരിക്കേണ്ടത്.
കുവൈറ്റിനെതിരായ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ സ്റ്റിമാച്ച് തിരിച്ചെത്തും. ജൂണ്‍ 27 നാണ് മത്സരം. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ 45-ാം മിനിറ്റിലാണ് സ്റ്റിമാച്ച് വിവാദനായകനായത്. ഗോള്‍ ലൈനിന്റെ അടുത്തുവെച്ച് ഇന്ത്യന്‍ താരം പ്രീതം കോട്ടാലിനെ ഫൗള്‍ ചെയ്ത് പാകിസ്താന്‍ താരം ഇഖ്ബാല്‍ പന്ത് കാലിലൊതുക്കാന്‍ ശ്രമിച്ചു. പിന്നാലെ പന്ത് ലൈന്‍ കടന്ന് പുറത്തേക്ക് പോയി. പെട്ടെന്ന് പന്തെടുത്ത് ഇഖ്ബാല്‍ ത്രോ ചെയ്യാന്‍ ശ്രമിക്കവെ ലൈനിനടുത്തുനിന്ന സ്റ്റിമാച്ച് താരത്തില്‍ നിന്ന് പന്ത് തട്ടിപ്പറിച്ച് കൈയ്യില്‍ വെച്ചു. ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയര്‍ത്തു. പിന്നാലെ ഇന്ത്യന്‍ താരങ്ങളും കളത്തിലിറങ്ങിയതോടെ സംഭവം കൈവിട്ടുപോയി. താരങ്ങളും പരിശീലകരും തമ്മില്‍ ഗ്രൗണ്ടില്‍ കയ്യാങ്കളിയുണ്ടായി. ഒടുവില്‍ റഫറി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നാലെ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. പിന്നാലെ സ്റ്റിമാച്ചിന് ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോകേണ്ടിയും വന്നു.