മന്ത്രി ഉദയനിധി സ്റ്റാലിന്‍ നായകനായി അഭിനയിച്ച മാമന്നന്‍ എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു സിനിമയുടെ നിര്‍മാതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ ജൂണ്‍ 28-നുമുമ്പ് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി ഉദയനിധിക്ക് വെള്ളിയാഴ്ച നോട്ടീസയച്ചു. ജൂണ്‍ 30-നാണ് മാമന്നന്റെ റിലീസ്.
ഉദയനിധി സിനിമാഭിനയം നിര്‍ത്തുന്നതുകാരണം തനിക്ക് കോടികളുടെ നഷ്ടംസംഭവിച്ചെന്ന് കാണിച്ച് ഒ.എസ്.ടി. ഫിലിംസ് ഉടമ രാമ ശരവണനാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ നിര്‍മിച്ച് കെ.എസ്. അതിയമാന്‍ സംവിധാനം ചെയ്യുന്ന എയ്ഞ്ചല്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഉദയനിധി 2018-ല്‍ കരാറില്‍ ഒപ്പിട്ടിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതിഫലത്തുകയായ 1.25 കോടി രൂപയില്‍ 30 ലക്ഷംരൂപ മുന്‍കൂര്‍ നല്‍കി. ഷൂട്ടിങ്ങിന്റെ 80 ശതമാനം കഴിഞ്ഞെങ്കിലും പല കാരണങ്ങളാലും സിനിമ പൂര്‍ത്തിയായില്ല. ആദ്യഘട്ടത്തില്‍ കോവിഡ് കാരണവും ഇപ്പോള്‍ ഉദയനിധിയ്ക്ക് സമയമില്ലാത്തതുകൊണ്ടുമാണ് ചിത്രീകരണം മുടങ്ങിയത്.
അതിനിടയില്‍ ഉദയനിധി മന്ത്രിസഭാംഗമായി. സിനിമാഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. അതിനുമുമ്പ് സ്വന്തം നിര്‍മാണക്കമ്പനിയ്ക്കുവേണ്ടി മാമന്നന്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. അത് അവസാനസിനിമയാകുമെന്ന് പറഞ്ഞു. എയ്ഞ്ചല്‍ സിനിമയ്ക്കുവേണ്ടി താന്‍ 13 കോടിരൂപ മുടക്കിക്കഴിഞ്ഞെന്നും അത് പൂര്‍ത്തിയാക്കി പുറത്തിറക്കിയില്ലെങ്കില്‍ 25 കോടിരൂപ നഷ്ടം വരുമെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്റെ സിനിമ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഉദയനിധിയുടെ പുതിയ സിനിമയുടെ റിലീസ് നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അല്ലെങ്കില്‍ നഷ്ടപരിഹാരമായി 25 കോടി രൂപ നല്‍കാന്‍ ഉദയനിധിയോട് നിര്‍ദേശിക്കണം. എതിര്‍കക്ഷിക്ക് പറയാനുള്ളത് കേട്ടിട്ടേ ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാകൂവെന്ന് ജസ്റ്റിസ് കെ. കുമരേഷ് ബാബു വ്യക്തമാക്കി.