കോഴിക്കോട്: ഈ സമയത്താണ് സർവീസ് എങ്കിൽ നവകേരള ബസിന് കണ്ണൂർ എയർപോർട്ടിൻ്റെ ഗതി വരും. യാത്രക്കാരുടെ ഒരുദിവസം കളയുന്ന വിധത്തിലാണ് സമയക്രമം.
കോഴിക്കോട്ടുനിന്നും കൽപറ്റയിൽനിന്നും ഒരേ ചാർജ് എന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. 700 രൂപയ്ക്കു കൽപറ്റയിൽ നിന്നും എസി ബസിൽ ബെംഗളൂരുവിൽ എത്താമെന്നിരിക്കെ 1240 രൂപ മുടക്കുന്നത് നഷ്ടമാണ്.
ആദ്യ സർവീസ് കഴിഞ്ഞപ്പോൾ കോഴിക്കോട് – ബെംഗളൂരു നവകേരള ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ. രാവിലെ നാലിനാണു ബസ് കോഴിക്കോട്ടുനിന്നു യാത്ര തുടങ്ങുന്നത്. നഗരത്തിനടുത്തുള്ളവർക്കുപോലും ഇതിനായി മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. അപ്പോൾ പിന്നെ സമീപ ജില്ലക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
കോഴിക്കോട് ജില്ലയുടെ മറ്റു ഭാഗങ്ങൾ, മലപ്പുറം ജില്ല എന്നിവിടങ്ങളിൽനിന്നു കോഴിക്കോട് എത്തണമെങ്കിൽ രാത്രി ഉറങ്ങാതിരിക്കണം. പതിനൊന്നരയോടെയാണു ബസ് ബെംഗളൂരുവിൽ എത്തേണ്ടത്. പക്ഷെ ദൈവം നേരിട്ടിറങ്ങി ബസ് ഓടിച്ചാലും എത്തില്ല. അത്രക്കുണ്ട് ബെംഗളൂരുവിലെ ഗതാഗത കുരുക്ക്. യാത്രക്കാർക്ക് ഉച്ചയോടെയേ ബെംഗളൂരുവിൽ എത്താനാകൂ. ഇതോടെ ഒരു ദിവസം ഏറെക്കുറെ നഷ്ടപ്പെടുമെന്നാണു പരാതി.
ഉച്ചയ്ക്കു രണ്ടരയ്ക്കാണു മടക്കയാത്ര. രാത്രി പത്തിനാണു കോഴിക്കോട് എത്തേണ്ടത്. വൈകിട്ടത്തെ ഗതാഗതക്കുരുക്ക് താണ്ടി എത്തുമ്പോഴേക്കും രാത്രി 12 മണി കഴിയും. ഈ സമയത്തു കോഴിക്കോടെത്തിയാൽ പലർക്കും വീടുകളിലേക്കു പോകാൻ ടാക്സി വിളിക്കേണ്ടി വരും. സമയക്രമത്തിൽ മാറ്റം വരുത്തിയാൽ യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണു യാത്രക്കാർ പറയുന്നത്. പുലർച്ചെ ആറോടെ പുറപ്പെട്ടാൽ വൈകിട്ടോടെ ബെംഗളൂരുവിൽ എത്താം. പുലർച്ചെ രണ്ടിനും മറ്റും വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുന്നത് ഒഴിവാക്കുകയും ചെയ്യാമെന്ന് യാത്രക്കാർ പറയുന്നു.
ബെംഗളൂരുവിൽനിന്നു വൈകിട്ട് എട്ടോടെ യാത്ര തുടങ്ങിയാൽ പുലർച്ചെ നാലോടെ കോഴിക്കോടെത്താം. ഇവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടവർക്കു വാഹനസൗകര്യവും ലഭിക്കും. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ഒറ്റ ബസ് മാത്രമാണു ഗരുഡ പ്രീമിയം ബസ് ആയി സർവീസ് നടത്തുന്നത്. അതുകൊണ്ട് രാത്രിയിൽ മാത്രമായി സർവീസ് നടത്താൻ സാധിക്കില്ല. രാത്രി സർവീസ് നടത്തണമെങ്കിൽ 2 ബസ് വേണ്ടി വരും. അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലേ സർവീസ് സാധ്യമാകൂ. അതിനാൽ ടിക്കറ്റ്, സ്റ്റേജ് അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. സീറ്റുകൾക്ക് മൾട്ടി ആക്സിൽ ബസുകൾക്കുള്ളത്ര വലുപ്പം ഇല്ലാത്തതും ബുദ്ധിമുട്ടാണ്.
Read Also: പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ വാഹന ഉടമകൾ നെട്ടോട്ടമോടേണ്ടി വരും; നാളെ വാഹന പുക പരിശോധന കേന്ദ്രങ്ങൾ അടച്ചിടും; അനിശ്ചിതകാല സമരത്തിന് സാധ്യത