ഇടുക്കി: ഗ്രാമ്പിയിലെ കടുവയെ പ്രാണരക്ഷാർത്ഥം വെടിവച്ച് കൊന്നത് തന്നെ. ഒടുവിൽ ഇക്കാര്യം വനം വകുപ്പ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. ദൗത്യസംഘത്തെ ആക്രമിക്കുന്ന ഘട്ടത്തിൽ വെടിവച്ചു കൊന്നതായി വനംവകുപ്പ് അറിയിച്ചു.
കടുവയെ മയക്കുവെടിവച്ചു കൂട്ടിലാക്കി ചികിത്സ നൽകാനുള്ള ദൗത്യമായിരുന്നു വനംവകുപ്പ് ആദ്യം ആസൂത്രണം ചെയ്തത്. എന്നാൽ മയക്കുവെടി ഏറ്റ കടുവ പാഞ്ഞടുത്തതോടെ ഇതിനു നേരെ വെടിവയ്ക്കുകയായിരുന്നു.
ആദ്യ വെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. കടുവയുടെ അടിയേറ്റ് ഉദ്യോഗസ്ഥന്റെ ഹെൽമറ്റ് തകർന്നു.
ഷീൽഡ് ഉപയോഗിച്ചാണ് ഇയാൾ കടുവയെ പ്രതിരോധിച്ചത്. ഇതോടെ അടുത്ത് നിന്ന ഉദ്യേസ്ഥൻ മൂന്ന് റൗണ്ട് വെടിയുതിർത്തു. ഉടൻ തന്നെ കടുവയെ വലയിലാക്കി ചുമന്ന് വാഹനത്തിൽ എത്തിക്കുകയും തേക്കടിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.
കടുവയുടെ പോസ്റ്റുമോർട്ടം നടപടികൾ ഉടൻ നടക്കും.
പശുവിനെയും നായയെയും കടിച്ചു കൊന്നു; ഗ്രാമ്പിക്ക് പിന്നാലെ അരണക്കല്ലിയിലും; കടുവ പേടിയിൽ ഇടുക്കി
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിൽ അരണക്കല്ലിയിലും കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടിച്ചു കൊന്നു.
പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.
വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അരണക്കല്ലിക്ക് സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം.
ഈ കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.