അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരത്ത് സാഹചര്യങ്ങൾ പഠിക്കാനും വിവരങ്ങൾ ശേഖരിക്കാനുമായി ഒരാഴ്ചയ്ക്കുള്ളിൽ ഐസിഎംആർ സംഘം എത്തുമെന്നു റിപ്പോർട്ട്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. അമീബയുടെ വകഭേദങ്ങളെക്കുറിച്ചും സംഘം പഠിക്കും. (ICMR team arrives in Thiruvananthapuram to study amoebic encephalitis conditions)
വേനൽക്കാലത്തു ജലക്ഷാമം ഉണ്ടാകുമ്പോൾ ജനങ്ങൾ കൂട്ടത്തോടെ പൊതുജലാശയങ്ങളെ ആശ്രയിക്കും.
എല്ലാവർക്കും ശുദ്ധജലം എത്തിക്കുക പ്രായോഗികമല്ലാത്തതിനാൽ ജനങ്ങളെ ചെറുക്കാനുമാവില്ല. കുളത്തിലും തോട്ടിലും കിണറിലുമൊക്കെ അമീബ ഉണ്ടെന്നു സംശയിക്കുന്നതിനാൽ ജലസ്രോതസ്സുകളുടെ ശുചീകരണത്തെക്കുറിച്ചു പൊതുവായ മാർഗനിർദേശം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
പൊതുജലാശയങ്ങൾ ശുചിയാക്കി സംരക്ഷിക്കുന്നതിനു പ്രത്യേക മാനദണ്ഡം വേണമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ തദ്ദേശവകുപ്പിന്റെ സമീപനം നിർണ്ണായകമാകും.