ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ വാർഷികത്തിൽ ചിത്രങ്ങൾ പങ്കുവെച്ച് ഐസിസി.മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗാവസ്‌കർ, രവി ശാസ്ത്രി, ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവർ ചെർന്ന് കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ICC shares pictures on anniversary of India’s first World Cup win
അന്നത്തെ മുടിചൂടാമന്നന്മാരായ വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ അട്ടിമറിച്ചാണ് ലോഡ്സിൽ കപിലിന്റെ ചെകുത്താന്മാർ കപ്പുയർത്തിയത്
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഗതി മാറ്റിയ വർഷമാണ് 1983. 1983 എന്ന മലയാള ചലച്ചിത്രത്തിന്റെ ആരംഭത്തിൽ പറയുന്നതുപോലെ ‘ഹാട്രിക് കിരീട സ്വപ്നവുമായി ലോർഡ്സിലെത്തിയ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ ലോക ചാമ്പ്യന്മാരായ വർഷം’ .
സാധാരണക്കാർക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമെന്ന് ഇന്ത്യ ലോകത്തോട് പ്രഖ്യാപിച്ച സമയം. 1983 ലെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് ക്രിക്കറ്റ് വിജയം സിനിമകൾക്കും ഗ്രന്ഥരചനയ്ക്കും വിഷയമായി. ചുരുക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതുയുഗം ആരംഭിക്കുന്നത് 1983 ലെ ലോകകപ്പ് വിജയത്തോടുകൂടിയാണ്.
1983 ലെ ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പ് യാതൊരു സാധ്യതയും ആരും ഇന്ത്യയ്ക്ക് നൽകിയിരുന്നില്ല. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ പരിചയക്കുറവായിരുന്നു അതിന് കാരണം. 1975, 1979 ലോകകപ്പുകളിൽ ഇന്ത്യയുടെ പ്രകടനവും വളരെ മോശമായിരുന്നു. രണ്ട് ലോകകപ്പുകളിലായി ഇന്ത്യ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും പരാജയപ്പെട്ടു.
അന്നത്തെ ടെസ്റ്റ് പദവി ലഭിച്ചിട്ടില്ലാത്ത ശ്രീലങ്കയോടുപോലും ഇന്ത്യ 1979-ലെ ലോകകപ്പിൽ 47 റൺസിന് പരാജയപ്പെട്ടിരുന്നു. അന്നേവരെ ലോകകപ്പിൽ ഇന്ത്യയുടെ ഏകവിജയം ദുർബലരിൽ ദുർബലരായ ഈസ്റ്റ് ആഫ്രിക്ക അഥവാ കിഴക്കൻ ആഫ്രിക്കൻ ടീമിനോടായിരുന്നു.
1983 ലോകകപ്പിൽ അട്ടിമറിയോടുകൂടിയായിരുന്നു ഇന്ത്യ അരങ്ങേറിയത്. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ 34 റൺസിന് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി. തുടർന്നുള്ള അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ചുകൊണ്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു.
ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളി. സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി. അങ്ങനെ 1983 ജൂൺ 25 ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെസ്റ്റിൻഡീസുമായി കലാശക്കളി.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറിൽ 183 റൺസിന് പുറത്തായി. (1975, 1979, 1983- ആദ്യത്തെ മൂന്നു ലോക കപ്പ് മത്സരങ്ങൾ 60 ഓവർ മത്സരങ്ങളായിരുന്നു.) ഗ്രീനിഡ്ജും, ഹെയ്നൻസും, വിവിയൻ റിച്ചാർഡ്സും, ലാറി ഗോംസും, ഫൗദ് ബാക്കസും, ക്യാപ്ടൻ ക്ലൈവ് ലോയ്ഡും, ജെഫ്രി ഡ്യൂജോനും ഉൾപ്പെട്ട വെസ്റ്റിൻഡീസ് ബാറ്റിംഗ് നിരയ്ക്ക് നിസ്സാരമായി നേടാനാകുന്ന സ്‌കോറായിരുന്നു 183 റൺസ്.
60 ഓവറിൽ 184 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസിന് നാലാമത്തെ ഓവറിൽ ഗ്രീനിഡ്ജിനെ നഷ്ടപ്പെട്ടു. തുടർന്ന് ബാറ്റിംഗിനു വന്ന വിവിയൻ റിച്ചാർഡ്സ് ഇന്ത്യൻ ബൗളർമാരെ പരിഹസിക്കുന്ന ബാറ്റിംഗാണ് കാഴ്ച വെച്ചത്. മദൻലാലിന്റെ ആദ്യത്തെ ഓവറിൽ റിച്ചാർഡ്സ് 3 ബൗണ്ടറികളാണ് നേടിയത്.
പതിമൂന്നാമത്തെ ഓവറിലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല, ലോകക്രിക്കറ്റിന്റെ തന്നെ ഗതി മാറ്റിമറിച്ച ചരിത്രമുഹൂർത്തം പിറന്നത്. സ്‌കോർ: വെസ്റ്റിൻഡീസ് 57-2. മദൻലാലിന്റെ പന്ത് റിച്ചാർഡ്സ് ഉയർത്തിയടിച്ചു. 30 അടിയോളം പിറകോട്ടോടി ഇന്ത്യൻ ക്യാപ്ടൻ കപിൽദേവ് മനോഹരമായി ആ ക്യാച്ചെടുത്തു. വിവിയൻ റിച്ചാർഡ്സ് സി കപിൽദേവ് ബി മദൻലാൽ 33, വെസ്റ്റിൻഡീസ് 57 ന് 3. പിന്നീട് പ്രശസ്തമായ വെസ്റ്റിൻഡീസ് ബാറ്റിംഗ് നിര ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കി. വെസ്റ്റിൻഡീസ് 140 റൺസിന് ആൾഒൗട്ട്. ഇന്ത്യക്ക് 43 റൺസ് വിജയം.
1983 ലെ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ വിജയത്തോടെ ക്രിക്കറ്റ് ഇന്ത്യയിലെ ജനകീയ കായികവിനോദമായി മാറി. അതേവരെ കാര്യമായി വേദികളില്ലായിരുന്ന കേരളത്തിൽ പോലും ക്രിക്കറ്റിന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. ക്രിക്കറ്റ് ജനപ്രിയമായതോടുകൂടി ക്രിക്കറ്റിനെ തേടി ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ കോർപ്പറേറ്റുകളും എത്തി.
ക്രിക്കറ്റ് പണത്തിന്റെ കായികരൂപമായി മാറി. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഐ.പി.എല്ലിലേക്ക് വഴിമാറി. ചുരുക്കത്തിൽ 40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്യാപ്ടൻ കപിൽ ദേവ് നേടിയ ക്യാച്ച് ആണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്.