കോർക്ക്: മലയാളി യുവതിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ദീപ ദിനമണി(38)കൊല്ലപ്പെട്ട കേസിൽ വിചാരണ തുടരുന്നു.
വിചാരണയിൽ പുറത്തുവരുന്നത് നാടകീയവും വേദനാജനകവുമായ കാര്യങ്ങളാണ് .ദീപയ്ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നെന്നും കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച് ചെയ്തതാണെന്നതിനുള്ള തെളിവുകൾ വിചാരണയിൽ ലഭിച്ചു.
ഇത്തരത്തിൽ സൂചന നൽകുന്ന കത്താണ് പ്രധാന തെളിവായി ലഭിച്ചത്. ഭർത്താവ് റെജിൻ രാജൻ (43)എഴുതിയ കത്ത് ദീപയുടെ മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ചു. തന്റെ പ്രവൃത്തിയ്ക്ക് കത്തിൽ മാപ്പ് ചോദിക്കുന്നുമുണ്ട്.
ജസ്റ്റിസ് ഷിബോൺ ലാങ്ക്ഫോർഡിന്റെ നേതൃത്വത്തിലുള്ള12 അംഗ ജൂറിയുടെ മുമ്പിൽ ഇന്നും വിചാരണ നടക്കും.
മകനോടൊപ്പം റെജിൻ രാജനും ദീപ ദിനമണിയും സംഭവം നടക്കുന്നതിന് നാല് മാസം മുമ്പാണ് അയർലണ്ടിലെത്തിയത്.
കോർക്ക് നഗരത്തിലെ വിൽട്ടണിലുള്ള കാർഡിനൽ കോടതിയിലുള്ള വീട്ടിൽ ദീപയെ കഴുത്തിന് ആഴത്തിൽ മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2023 ജൂലൈ 14നാണ് സംഭവം നടക്കുന്നത്.
കിടപ്പുമുറിയിൽ മരിച്ചു കിടന്ന ദീപയുടെ മൃതദേഹത്തിനരികിലുണ്ടായിരുന്ന നോട്ടു ബുക്കിൽ പൂർണ്ണമായി വായിച്ചെടുക്കാൻ പറ്റാത്ത നിലയിലായിരുന്നു കത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജൂറിയ്ക്ക് മുമ്പാകെ വെളിപ്പെടുത്തി.
‘ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് കുറിപ്പിൽ റെജിൻ രാജൻ ദീപയോട് പറയുന്നുണ്ട്. എന്റെ പ്രവൃത്തികൾക്ക് എന്നോട് ക്ഷമിക്കണമെന്ന് മകനോടും ക്ഷമ ചോദിക്കുന്ന കത്താണ് കണ്ടെത്തിയത്.
’നിന്റെ അമ്മയ്ക്ക് മറ്റൊരാളുമായി എന്തോ ബന്ധമുള്ളതായും കണ്ടെത്തിയ കത്തിൽ മകനോട് പറയുന്നുണ്ട്. അയാളുടെ പേരും കത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
എന്നാൽ കുറിപ്പ് വായിക്കാൻ പ്രയാസമാണെന്നും ഡിക്ടക്ടീവ് കോടതിയെ അറിയിച്ചു. കിടപ്പുമുറിയിലെ ബാഗിൽ നിന്നും കൊലപ്പെടുത്താനുപയോഗിച്ച കത്തി, വിവാഹ മോതിരം, പൊട്ടിയ സ്വർണ്ണ മാല, രക്തം പുരണ്ട ടീ-ഷർട്ട്, ഷോർട്ട്സ് എന്നിവ കണ്ടെടുത്തിരുന്നു. മൃതദേഹത്തിൽ നിന്ന് വിവിധ സ്വാബുകളും ലഭിച്ചിട്ടുണ്ട്.
റെജിൻ ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തെന്ന് കോടതിയിൽ വെളിപ്പെടുത്തലുണ്ടായി. കൊല്ലാനുപയോഗിച്ച കത്തി രണ്ടു ദിവസം മുമ്പ് ജൂലൈ 12ന് വിൽട്ടൺ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ ഷോപ്പിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ സിസിടിവി തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെസ്‌കോ ക്ലബ് കാർഡ് ഉപയോഗിച്ച് ഇതു കൂടാതെ ഒരു കുപ്പി വിസ്‌കിയും ഒരു സോഫ്റ്റ് ഡ്രിങ്കും വാങ്ങിയിട്ടുണ്ട്.
കൊലപാതക വിവരം കോർക്കിലെ ആംഗ്ലീസിയ സ്ട്രീറ്റിലുള്ള ഗാർഡ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതും റെജിൻ രാജനായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. വിളിച്ചയാളിന്റെ പേരും ഏർകോഡും റെക്കോഡ് ചെയ്തിട്ടുണ്ട്.
ഭാര്യയെ കൊന്നെന്നും തന്നെ അറസ്റ്റു ചെയ്യണമെന്നുമാണ് ഇയാൾ വിളിച്ചപ്പോൾ ആവശ്യപ്പെട്ടത്. തന്നോടൊപ്പം അഞ്ച് വയസ്സുള്ള മകനും വീട്ടിലുണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. ഗാർഡ എത്തുന്നതുവരെ ലൈനിൽ തുടരണമെന്ന് കോൾ അറ്റന്റ് ചെയ്ത ഗാർഡ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയാളതിന് തയ്യാറാകാതെ കോൾ കട്ടാക്കി.
കട്ടിലിൽ ഒരു ഡുവെറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ഗാർഡ കോടതിയെ അറിയിച്ചിട്ടുണ്ട്. തല മുതൽ നിറയെ രക്തത്തിൽ കുളിച്ച് തണുത്തു മരവിച്ച് നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ ഗാർഡയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു രാജൻ. കൈകൾ പിന്നിലാക്കി മുട്ടുകുത്തി നിൽക്കാനുള്ള ഗാർഡയുടെ നിർദ്ദേശങ്ങളും രാജൻ പാലിച്ചു. താഴ്ന്ന സ്വരത്തിലായിരുന്നു ചോദ്യങ്ങൾക്ക് മറുപടി. വിചാരണ അടുത്ത ദിവസങ്ങളിലും തുടരും.
8,50,000 പേജുള്ള കുറ്റപത്രവും ഫോറൻസിക് തെളിവുകളും 110 മൊഴികളും ഉൾപ്പെടുന്ന രാജ്യാന്തര തലത്തിൽ നടന്ന അന്വേഷണം വളരെ സങ്കീർണ്ണമായ ഒന്നായിരുന്നുവെന്ന് ആംഗ്ലീസിയ സ്ട്രീറ്റ് ഗാർഡ (പൊലീസ്) സ്റ്റേഷനിലെ ഇൻസ്പെക്ടർ ജേസൺ ലിഞ്ച് പറഞ്ഞു.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസ്സുകാരനായ മകൻ റെയാൻ ഷാ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. സംഭവത്തെ തുടർന്ന് മകന്റെ സംരക്ഷണം സോഷ്യൽ വെൽഫെയർ സംഘം ഏറ്റെടുത്തിരുന്നു. ഇപ്പോൾ മകൻ ഇന്ത്യയിൽ ദീപയുടെ ബന്ധുക്കൾക്ക് ഒപ്പമാണ്.