ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറിൻെറ കാര്യത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് കറൻസി നോട്ടുകളുടെ ആവശ്യകതയിൽ ഒട്ടും കുറവുണ്ടായിട്ടില്ല. ദൈനംദിന ആവശ്യങ്ങൾക്കായി കറൻസി നോട്ടുകൾ തന്നെയാണ് ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്. പച്ചക്കറിച്ചന്തയിലും വിപണിയിലും എല്ലാം സാധനങ്ങളുടെ ക്രയവിക്രയത്തിനായി ഉപയോഗിക്കപ്പെടുന്നത് ഈ കറൻസി നോട്ടുകൾ തന്നെയാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് കൈമാറ്റപ്പെടുമ്പോൾ കറൻസി നോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ട്.
ഇത്തരത്തിൽ കേടുപാടുകൾ പറ്റിയ അല്ലെങ്കിൽ മുഷിഞ്ഞ ഒരു നോട്ട് കയ്യിലെത്തിയാൽ ഏതെങ്കിലും കടയിലോ ബസിലോ പെട്രോൾ പമ്പിലോ കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും ഏറ്റെടുക്കാറില്ല എന്നതാണ് സത്യം. ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. ബാങ്കിൽ പോയാൽ മാത്രമേ ഈ കറൻസി നോട്ടുകൾ മാറിയെടുക്കാൻ കഴിയൂവെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും ബാങ്കിൽ എല്ലാ തരം നോട്ടുകളും മാറ്റി നൽകുമോയെന്നും സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.
ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം ബാങ്കുകൾക്ക് കേടായ കറൻസി നോട്ടുകൾ മാറ്റാം. ഒരു ബാങ്കുകൾക്കും അത് നിരസിക്കാനുള്ള ഓപ്ഷൻ ഇല്ല. കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ നടത്താം. കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ സൗകര്യാർത്ഥം ടിഎൽആർ കവറുകൾ വഴി നൽകുന്നുണ്ട്. സെൻട്രൽ ബാങ്കിൻ്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, നോട്ട് മാറ്റാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരും. നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്ക് എതിരെ നടപടി എടുക്കുന്നതാണ്. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്ക് നഷ്ടപരിഹാരം നൽകും.
കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറ്റുന്നതിനുള്ള ആർബിഐ വ്യവസ്ഥകൾ
1. ഗുണനിലവാരമനുസരിച്ച് നോട്ടിൻ്റെ മൂല്യം കുറയും.
2. ഒരു വ്യക്തിക്ക് 5,000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.
3. ഒരു കൈമാറ്റം നടത്തുന്നതിന് മുമ്പ്, നോട്ടിൽ സുരക്ഷാ ചിഹ്നങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.