ബെംഗളൂരു: കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയുടെ കഥയിലെ സ്വർണഖനി ഇപ്പോഴെങ്ങനെയുണ്ട്…? ലോകത്തെ മയക്കിയ മഞ്ഞലോഹം തുരന്നെടുത്ത ഇന്ത്യൻ ഖനികളിൽ ഒന്നാണ് കർണാടകയിലെ കോളാർ. പെട്ടെന്നു നഗരമാകുകയും പ്രശസ്തി സ്വർണനിറംപോലെ ആളുകളെ ആകർഷിക്കുകയും കാലം കഴിയേ ദ്യുതി ക്ഷയിച്ച് വീണ്ടും കാട്ടുപ്രദേശമാകുകയും ചെയ്ത ഇന്ത്യയുടെ സുവർണനഗരം.
പഴയ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ് കെജിഎഫ്. കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിന്റെ അംഗീകാരം. കോളാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു പദ്ധതി.
1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലാണു വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പൂട്ടിപ്പോയ ഭാരത് ഗോൾഡ് മൈൻസ് കമ്പനി സർക്കാരിനു നൽകാനുള്ള 724 കോടി രൂപയ്ക്കു പകരമായി കമ്പനിയുടെ പേരിലുള്ള 2,330 ഏക്കർ ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ പാർക്ക് തുടങ്ങാനും കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്.
സ്വർണത്തിനു പിന്നാലെ പാഞ്ഞവരിൽ മിക്കവരും കഷ്ടപ്പാടനുഭവിച്ചിട്ടുണ്ട്. ഗോൾഡ് റഷ് എന്നു തന്നെയായിരുന്നു ആ ഓട്ടത്തിന്റെ പേര്. മാനന്തവാടി വഴിയാണ് ബെംഗളുരൂവിലേക്ക് പോയത്. ബെംഗളുരൂവിൽനിന്നു വെറും എൺപതു കിലോമീറ്റർ മാത്രം കോളാറിലേക്ക്.വഴികളങ്ങനെ തനിത്തങ്കം പോലെ മിനുങ്ങിയിരിക്കുന്നു.
സ്വർണം ലോകത്തെ മോഹിപ്പിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കണ്ണടച്ചുതുറക്കുന്നതിനിടയിൽ പാമരനെ ധനികനാക്കുന്ന സ്വർണം നഗരങ്ങളെയും സംസ്കാരത്തെയും മാറ്റിമറിച്ചു.
അമേരിക്കയിൽ കാലിഫോർണിയയിലെ ഒരു നദിയിൽ സ്വർണം കണ്ടെത്തിയതോടെ നാടൊക്കെ അങ്ങോട്ടു പാഞ്ഞുവെന്നു ചരിത്രം പറയുന്നു. വെറും മൂന്നുകൊല്ലം കൊണ്ട് ആ ഗ്രാമം ഒരു വൻനഗരമായി മാറിയത്രേ. പലരാജ്യങ്ങളിലെയും പല നാടുകളും അങ്ങനെ നഗരങ്ങളായി. അതിലൊന്നാണ് കോളാർ. എന്നാൽ ഇന്ത്യയിൽ ആദ്യമായി ഖനനം തുടങ്ങിയത് കേരളത്തിലാണ്! നമ്മുടെ വയനാട്ടിൽ.
ആൽഫാ ഗോൾഡ് മൈൻസ് എന്ന സായിപ്പിന്റെ കമ്പനി 1875 ൽ വയനാടൻ കുന്നുകളിലും നാടുകാണി ചുരത്തിനപ്പുറം നിലമ്പൂരിലും പരീക്ഷണം നടത്തിയിരുന്നു. വൈത്തിരി മുതൽ ചേരമ്പാടി വരെയുള്ള പ്രദേശങ്ങളിൽ ഖനനം നടന്നിരുന്നതായി രേഖയുണ്ട്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മലനിരകളിൽ ഏഷ്യയിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ളതായി കണക്കാക്കപ്പെടുന്നു. നിലമ്പൂരിലെ ചാലിയാർ നദിയെ സ്വർണവാഹിനി എന്നാണു വിളിച്ചിരുന്നതെന്നു മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ടത്രേ.
നാടുകാണിച്ചുരത്തിനടുത്തുള്ള മരുതയിൽ പുഴയിൽ സ്വർണം അരിച്ചെടുക്കൽ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഖനനപ്രദേശം കാണണമെങ്കിൽ നമുക്കുപോകാനിടമില്ല.
കോളാറിനെപ്പറ്റി ബംഗളുരുവിലെ സുഹൃത്തുക്കൾ പറഞ്ഞുതന്നത് ഇങ്ങനെ– ഇന്ത്യയിലെ മിനി ഇംഗ്ളണ്ട് എന്നാണ് കോളാർ അറിയപ്പെടുന്നത്. ദൊഡ്ഡബേട്ടകുന്നുകളുടെ താഴ്‌വാരത്തിൽ സ്വർണമുണ്ടെന്നു കണ്ടെത്തിയത് 1880 ൽ ഒരു ഐറിഷ് പട്ടാളക്കാരനാണ്. ബ്രിട്ടീഷുകാരിൽനിന്ന് അനുമതി വാങ്ങി ഖനനം തുടങ്ങി.
ജോൺ ടെയ്‌ലർ സൺസ് എന്ന ബ്രിട്ടീഷ് കമ്പനി പങ്കുചേർന്നു. പിന്നീടങ്ങോട്ടു കോളാർ വികസിക്കുകയായിരുന്നു. മരുപ്രദേശം പോലെ കിടന്നിരുന്നിടത്തൊക്കെ കെട്ടിടങ്ങൾ പൊങ്ങി. ഗോൾഫ് കോഴ്സുകളും ബ്രിട്ടീഷ് പാരമ്പര്യത്തനിമയിൽ കെട്ടിടങ്ങളും വന്നു. െബംഗളുരുവിനും മുൻപേ പിറവിയെടുത്തതാണ് കോളാർ എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണം. ഇപ്പോൾ നഗരം തനി ഇന്ത്യനായിക്കഴിഞ്ഞു.
കളിക്കോപ്പുകളുടെ നഗരം എന്നറിയപ്പെടുന്ന ചന്നപട്ടണം കടന്ന് മധുരത്തിന്റെ നഗരമെന്ന പേരുള്ള മാണ്ഡ്യയിലൂടെ പട്ടുകളുടെ നഗരമായ രാംനഗറിലെത്തുമ്പോൾ ഗ്രാമത്തിലൂടെയുള്ള നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേകൾ നമ്മെ അതിശയിപ്പിക്കും.