ചെങ്കടലിൽ ആക്രമണം ശക്തമാക്കി യമനിലെ ഹൂത്തി വിമതർ. ചെങ്കടലിൽ തുടരുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.ഐസനോവറിന് നേരെയാണ് ഏറ്റവും ഒടുവിൽ ആക്രമണം നടന്നത്. കാമിക്കാസി ഡ്രോണുകളും ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തുടരെ 18 കാമിക്കാസി ഡ്രോണുകൾ ആക്രമണത്തിന് ഉപയോഗിച്ചതായാണ് യു.എസ്.പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചത്. എന്നാൽ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും അമേരിക്ക അവകാശപ്പെട്ടു. മേഖലയിൽ ഹൂത്തികൾ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഒടുവിൽ നടന്നത്. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ഫലസ്തീന് നേരെയുള്ള ഇസ്രായേൽ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. തുടക്കത്തിൽ ഇസ്രയേൽ കപ്പലുകൾക്ക് നേരെയും പിന്നീട് റഷ്യ ഒഴികെയുള്ള ബാക്കി രാജ്യങ്ങളുടെ കപ്പലുകൾക്ക് നേരെയും ആക്രമണം തുടരുകയായിരുന്നു.
ആക്രമണം ചെങ്കടൽ വിട്ട് പുറത്തേയ്്ക്കും വ്യാപിച്ചതോടെ അറബിക്കടലിൽ ഇന്ത്യൻനേവി സുരക്ഷ വർധിപ്പിച്ചു. മേഖലയിൽ വിന്യസിച്ചിരുന്ന യുദ്ധക്കപ്പലുകളുടെ എണ്ണം അഞ്ചിൽ നിന്നും 10 ആയാണ് ഉയർത്തിയത്. സുരക്ഷാ നിരീക്ഷണത്തിനായി വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.