അമേരിക്കൻ മലയാളിയുടെ പൂട്ടിക്കിടന്ന വീട്ടില്‍ വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു കുടുംബം കയ്യേറി താമസിക്കുന്നതായി പരാതി.(House of American Malayali in kochi trespassed)
അമേരിക്കയില്‍ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നല്‍കിയത്. വീട് ആർക്കും വാടകയ്ക്ക് നല്കിയിരുന്നില്ലെന്നു അജിത് പറയുന്നു. പരാതി മരട് പൊലീസിനു കൈമാറിയിട്ടുണ്ട്..
എറണാകുളം വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീട് സ്ഥിതി ചെയ്യുന്നത്. ഗെയ്റ്റ് ഉള്‍പ്പെടെ പൂട്ടിയിരുന്നതാണ്. 2023ല്‍ ഒഴികെ എല്ലാവർഷവും അജിത് നാട്ടില്‍ വന്നിരുന്നു.
ഇക്കഴിഞ്ഞ രണ്ട് തവണകളായി 5000ത്തിനു മുകളില്‍ വൈദ്യുതി ബില്‍ വന്നപ്പോള്‍ അജിത്ത് അപകടം മണത്തു. എന്താണ് പ്രശ്നം എന്ന് പരിശോധിക്കാൻ കെഎസ്‌ഇബിക്ക് പരാതി നല്‍കി. ഇത് കൂടാതെ കാരണമെന്താണെന്നു അന്വേഷിച്ചറിയാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു.
വീട്ടിലെത്തി നോക്കിയായപ്പോഴാണ് അപ്പോഴാണ് അവിടെ മറ്റു ചില താമസക്കാരുണ്ടെന്നു മനസിലായത്. വീട് നോക്കാൻ വന്നവർ ചിത്രങ്ങളെടുത്തപ്പോള്‍ അതു തടയാൻ താമസക്കാർ ശ്രമിച്ചതായും പറയുന്നു.
വീട് കയ്യേറി താമസിച്ചവർ വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു പരാതിയില്‍ പറയുന്നു.