മൂലമറ്റം: ഇന്ന് താമസം തുടങ്ങാനിരുന്ന വീട് ശനിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിലും കൊടുംകാറ്റിലും തകർന്നത് കുടുംബത്തെ കണ്ണീരിലാക്കി. ചേറാടി കൊച്ചുപറമ്പിൽ അജിയുടെ വീടാണ് തകർന്നത്.
കാറ്റിൽ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നിട്ടുണ്ട്. വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അജി 2 വർഷം മുൻപാണ് വാടക വീട്ടിലേക്ക് മാറിയത്.
തുടർന്ന് കടം വാങ്ങിയതും ലോണും സ്വർണം പണയം വച്ച തുകയും സ്വരൂപിച്ചാണ് വീട് പണി പൂർത്തിയാക്കിയത്.
ഇന്നു രാവിലെ പാലുകാച്ചി സ്വന്തം വീട്ടിൽ താമസം തുടങ്ങാമെന്ന മോഹമാണ് അജിക്കും കുടുംബത്തിനും ഇതോടെ നഷ്ടമായത്.
വൈദ്യുതിയില്ലാതെ ഓലമേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന അജിയുടെ കുടുംബത്തിന്റെ ദുരവസ്ഥയെ കുറിച്ച് മുൻപ് വാർത്ത വന്നിരുന്നു.
വാർത്തയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വന്തം പണം മുടക്കി ഇവർക്ക് വൈദ്യുതി എത്തിച്ചു നൽകി. കൂടാതെ അജിയുടെ മകന് പഠനത്തിനായി ജില്ലാ പഞ്ചായത്ത് മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു.
ഇന്നലെ സുഹൃത്തുക്കളുടെ സഹായത്തോടെ മേൽക്കൂരയടക്കം തകർന്ന സാമഗ്രികൾ എടുത്തു സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഇനി മഴക്കാലം മാറിയ ശേഷം വീണ്ടും വീട് പണി പൂർത്തിയാക്കണമെന്നാണ് അജിയുടെ ആഗ്രഹം. അതിനു പണവും കണ്ടെത്തണം.
പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി മടങ്ങി. എത്രയും വേഗം ഈ കുടുംബത്തിന് വീട് നിർമിക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് പഞ്ചായത്ത് അംഗം പി.എ.വേലുക്കുട്ടൻ റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.









