ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ, ഇ ഡി റൈഡിനു തൊട്ടുമുൻപ് ഡ്രൈവർക്കൊപ്പം ജീപ്പിൽ രക്ഷപ്പെട്ടതായി അധികൃതർ. തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവരാണ് മുങ്ങിയത്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രത നിർദ്ദേശം നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡ് വിവരം ചോർന്നുകിട്ടിയതിനെ തുടർന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപാണ് ഇവർ വാഹനത്തിൽ കടന്നുകളഞ്ഞത്.
ഇന്നു രാവിലെ 10.30ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനകൾക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്.
100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് ദമ്പതികൾക്കെതിരെയുള്ള പ്രാധാന പരാതി. ഒന്നര ലക്ഷം ആളുകളിൽനിന്നായി കോടിക്കണക്കിനു രൂപയാണ് ഇവർ സമാഹരിച്ചത്. ടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയാണ് ഇവർക്കെതിരെ കേസ് കൊടുത്തത്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ തട്ടിപ്പാണെന്നാണ് തൃശ്ശൂര്‍ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.