ഏക്കറിന് രണ്ട് ലക്ഷം വരെ പാട്ടത്തുക, അതിർത്തി കടന്നും ആളുകൾ ഹൈറേഞ്ചിലേക്ക് എത്തുന്നതിനു പിന്നിൽ കളളപ്പണം വെളുപ്പിക്കലോ ?
കട്ടപ്പന: ഏലക്കാ വിലയിൽ സ്ഥിരത കൈവന്നതോടെ, ഇടുക്കി ഹൈറേഞ്ച് മേഖലയിലെ ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപകരും കർഷകരും വൻതോതിൽ എത്തുന്ന സാഹചര്യമാണ് നിലവിൽ രൂപപ്പെടുന്നത്.
പ്രത്യേകിച്ച് തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വലിയ തോതിൽ ആളുകൾ ഹൈറേഞ്ച് അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നത്.
നിലവിൽ ഏലക്കാ വില കിലോയ്ക്ക് ശരാശരി 2,400 മുതൽ 2,600 രൂപ വരെയാണ്. വിലയിൽ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാത്തതോടെ ഏലം കൃഷി വീണ്ടും ലാഭകരമാകുമെന്ന കണക്കുകൂട്ടലിലാണ് വൻതുക മുടക്കി തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത്.
തമിഴ്നാട്ടിൽ നിന്നെത്തുന്നവരാണ് കൂടുതലായി ഇടുക്കി അതിർത്തി മേഖലകളിൽ ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത്. ഒരു ഏക്കറിന് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ വാർഷിക പാട്ടത്തുക നൽകിയാണ് ഇപ്പോൾ തോട്ടങ്ങൾ ഏറ്റെടുക്കുന്നത്.
ചില പ്രദേശങ്ങളിൽ തരിശുഭൂമികൾക്കുപോലും ഒരു ലക്ഷം രൂപ വരെ വാർഷിക പാട്ടം നൽകി കൃഷിക്കായി കൈമാറുന്ന സാഹചര്യമുണ്ട്.
അതിർത്തി ഗ്രാമങ്ങളിലും തമിഴ് ഭൂരിപക്ഷ മേഖലകളിലും തമിഴ്നാട്ടിൽ നിന്നെത്തുന്ന കർഷകർ തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നതിനൊപ്പം നേരിട്ട് വിലകൊടുത്ത് ഭൂമി വാങ്ങുന്നതും വ്യാപകമാണ്.
ഉൾപ്രദേശങ്ങളിലുള്ള ഭൂമികൾക്കുപോലും ഏക്കറിന് 50 ലക്ഷം രൂപ വരെ നൽകാൻ തയ്യാറായാണ് കർഷകർ എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കമ്പംമെട്ട്, വണ്ടൻമേട് പരിസര പ്രദേശങ്ങളിലാണ് ഇത്തരം ഇടപാടുകൾ കൂടുതലായി നടക്കുന്നത്.
ഇതേസമയം, ഏലത്തോട്ടങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള ചില സംഘങ്ങൾ കേരളത്തിൽ ഭൂമി വാങ്ങിക്കൂട്ടുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം, നിലവിലെ വില കണ്ട് ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നത് ലാഭം ഉറപ്പാക്കുമെന്ന് പറയാൻ കഴിയില്ലെന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
2022-ൽ ഏലം വില കുത്തനെ ഇടിഞ്ഞതോടെ വൻതുക നൽകി തോട്ടങ്ങൾ പാട്ടത്തിനെടുത്ത നിരവധി കർഷകർ കടുത്ത പ്രതിസന്ധിയിലായി.
2019 ഓഗസ്റ്റിൽ ഏലം വില കുത്തനെ ഉയർന്നപ്പോൾ, പൂട്ടടി സ്‌പൈസസ് പാർക്കിൽ നടന്ന ലേലത്തിൽ കിലോയ്ക്ക് 7,000 രൂപ വരെ വില ലഭിച്ചിരുന്നു.
കട്ടപ്പന വിപണിയിലും ശരാശരി 6,000 രൂപയോളം വില രേഖപ്പെടുത്തി. ഇതോടെയാണ് കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ളവരും തമിഴ്നാട്ടിൽ നിന്നുമുള്ളവരും ഏലം കൃഷിക്കായി ഹൈറേഞ്ചിലേക്ക് ഒഴുകിയെത്തിയത്.
തമിഴ്നാട്ടിൽ വട്ടിപ്പലിശയ്‌ക്കെതിരെ നടപടികൾ കർശനമായതോടെയാണ് പണമുള്ള പലിശക്കാർ ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ ഭൂമി പാട്ടത്തിനെടുക്കാൻ തുടങ്ങിയതെന്നും ആരോപണമുണ്ട്.
ഇതാണ് ഭൂമിയുടെ ആവശ്യകത വർധിക്കാനും പാട്ടത്തുക കുത്തനെ ഉയരാനും കാരണമായത്.
പിന്നീട് ഏലം വില ശരാശരി 950 രൂപ വരെ ഇടിഞ്ഞെങ്കിലും ഉൽപ്പാദന ചെലവ് കുറയാതിരുന്നതും വലിയ തിരിച്ചടിയായി.
കൃഷിയിൽ പരിചയമില്ലാത്തവർ ഏറ്റെടുത്ത തോട്ടങ്ങളിൽ രോഗകീടബാധ വർധിച്ചതും സ്ഥിതി ഗുരുതരമാക്കി. ഇതോടെ ഹൈറേഞ്ചിൽ ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുത്ത പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വീണത്.
ഇപ്പോൾ ഹൈറേഞ്ച് മേഖലയിലുടനീളം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഏലം കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. വേനൽ തുടങ്ങുംമുമ്പേ തന്നെ പല പ്രദേശങ്ങളിലും ജലസ്രോതസുകൾ വറ്റിത്തുടങ്ങിയിട്ടുണ്ട്.
കടുത്ത വേനൽ തുടരുകയാണെങ്കിൽ ഏലച്ചെടികൾ ഉണങ്ങാൻ സാധ്യതയുണ്ടെന്നും, ഇത് പാട്ടത്തിനെടുത്ത കർഷകർക്ക് വലിയ നഷ്ടത്തിന് കാരണമാകുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.
English Summary
With cardamom prices stabilising at ₹2,400–₹2,600 per kg, investors and farmers from neighbouring states, especially Tamil Nadu, are flocking to the Idukki high ranges to lease and purchase cardamom plantations. Lease rates have risen to as high as ₹2 lakh per acre annually, and land prices in some interior areas reportedly touch ₹50 lakh per acre. Allegations have surfaced that some groups are using plantation deals as a front for money laundering. However, farmers warn that past experiences show leasing plantations during high-price phases carries serious risks, as price crashes, high production costs, pests and the current extreme heat could lead to heavy losses.
highrange-cardamom-plantation-lease-two-lakh-per-acre-money-laundering-allegations
Idukki highrange, cardamom farming, plantation lease, money laundering allegation, Tamil Nadu investors, land price hike, spice market, agriculture news, Kerala highrange, cardamom price









