തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞാൽ മെഡിസിൻ, എഞ്ചിനിയറിങ് മാത്രമാണ് ഉപരിപഠനമെന്ന തെറ്റ്ദ്ധാരണ സമൂഹത്തിൽ വേരൂന്നിയ ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ ആദ്യ ഘട്ടമെന്ന നിലയിൽ വിദേശ സർവകലാശാലകളിൽ സീറ്റ് തരപ്പെടുത്തുന്നതും സർവ്വ സാധാരണം. കാനഡ , ലണ്ടൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് വിദ്യാഭ്യാസത്തിന്റെ പേരിൽ ചേക്കേറുന്നവരിൽ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നവരും ഏറെയുണ്ട്. പക്ഷെ ഇതൊന്നും കാര്യമാക്കാതെ ഓരോ വർഷവും വിദേശ പഠനത്തിന് പോകുന്ന കേരളയുവത്വത്തിന്റെ എണ്ണം വർദ്ധിക്കുകയാണ്. പ്രത്യാഘ്യാതം അനുഭവിക്കുന്നതാകട്ടെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തെ സർവകലാശാലകളിലെ കോളേജുകളിൽ ബിരുദ പഠനത്തിന് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു. ഇത് സംബന്ധിച്ച് പഠിക്കാനായി സർക്കാർ നിയോഗിച്ച പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ കോളേജുകൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം ചൂണ്ടികാട്ടുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളിൽ കുട്ടികൾ തീരെയില്ല. 21% കോളജുകളിൽ 200ൽ താഴെ കുട്ടികൾ മാത്രമാണ് ഉള്ളത്. അടുത്തയാഴ്ച്ച രവീന്ദ്രൻ സമിതി പഠന റിപ്പോർട്ട് സർക്കാരിന് കൈമാറും.2022ലെ ബിരുദ വിദ്യാർഥികളുടെ പ്രവേശന കണക്കുകളാണ് സമിതി പരിഗണിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ കോളജുകളിലാണ് കുട്ടികളുടെ എണ്ണം ഏറ്റവും കുറവ്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലാണ് ഈ ജില്ലയിലെ കോളേജുകൾ പ്രവർത്തിക്കുന്നത്. സർക്കാർ എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കുട്ടികൾ കുറവുള്ളത്. കേരള സർവകലാശാലയുടെ സ്ഥിതിയും വിഭിന്നമല്ല.സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ അമ്പത് ശതമാനത്തോളം ഡിഗ്രി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വർഷം മാത്രം 8000ത്തോളം സീറ്റുകളിൽ കുട്ടികൾ എത്തിയിട്ടില്ല.
കുട്ടികൾ കുറയാനുള്ള കാരണങ്ങളും പഠന സമിതി എണ്ണി പറയുന്നു.കോളേജുകൾ പലതും പഠന നിലവാരം പുലർത്തുന്നില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്തതും സാമ്പത്തിക പരീധനതകളുമാണ് ഇതിന് കാരണം. ഉന്നത വിദ്യാഭ്യാസമേഖലയിലെ ചട്ടങ്ങൾ അടിക്കടി മാറുന്നതും ആശയകുഴപ്പം ഉണ്ടാക്കുന്നു.ഡിഗ്രി കോഴ്സുകൾ നാല് വർഷമാക്കിയത് മൂലം ബിരുദ പഠനത്തോടുള്ള താൽപര്യം കുറയാൻ കാരണമായിട്ടുണ്ട്. വിദേശത്ത് ഉപരിപഠനത്തിന് താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.