തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(High temperature warning in kerala)
താപനില ഉയരുന്നതിനാൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിവയും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്. കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പകൽ 11 മുതൽ ഉച്ച തിരിഞ്ഞ് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് ബന്ധപ്പെട്ട സംഘാടകർ ഉറപ്പുവരുത്തണം. കൂടാതെ പകൽ സമയത്ത് 11 മണി മുതൽ 3 മണി വരെ പരമാവധി ഇത്തരം പരിപാടികൾ ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.