കൊച്ചി: വിവാഹ ജീവിതത്തിൽ പങ്കാളിയോട് ചെയ്യുന്ന ക്രൂരത കണക്കിലെ കൃത്യതപോലെ നിര്‍വചിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്‌നേഹരഹിതമായി കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും കോടതി പറഞ്ഞു. ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.(High Court said cruelty in married life cannot be enumerated)
യുവതിയുടെ വിവാഹമോചന ആവശ്യം ആലപ്പുഴ കുടുംബക്കോടതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 14 വര്‍ഷമായി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞു കഴിയുന്ന യുവതിയാണ് ഹർജി നൽകിയത്. കുടുംബജീവിതത്തില്‍ സാധാരണയായി ഉണ്ടാകുന്ന അസ്വാരസ്യത്തിനപ്പുറം മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലെന്ന് വിലയിരുത്തിയാണ് കുടുംബക്കോടതി യുവതിയുടെ ഹര്‍ജി തള്ളിയത്. തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2001ൽ പതിനേഴുകാരിയായ ഹര്‍ജിക്കാരി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മാവേലിക്കര സ്വദേശിയോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് ഇയാള്‍ ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുകയും ഹര്‍ജിക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് ഒരു കുട്ടിയും ഉണ്ടായി. തുടർന്ന് ഭര്‍ത്താവിൽ നിന്ന് ഹര്‍ജിക്കാരി നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായി. ഇതോടെയാണ് യുവതി വിവാഹ മോചന ഹർജി നൽകിയത്.