കൊച്ചി: അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്‌ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന സംഭവത്തിൽ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. എന്നാൽ എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് കോടതി നിർദേശിച്ചു.(High Court punished police officer in the incident of misbehaving with advocate)
സംഭവത്തിൽ നേരത്തെ എസ്‌ഐ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയായിരുന്നു മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിൽ കോടതി ഇടപ്പെട്ടത്.