കൊച്ചി: ഹൈക്കോർട്ട് ജങ്ഷൻ – ഫോർട്ട് കൊച്ചി സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവീസ് രാത്രി എട്ടു മണിക്കായിരിക്കും പുറപ്പെടുകയെന്ന് വാട്ടർ മെട്രോ അധികൃതർ അറിയിച്ചു. പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ക്ലേശം പരിഗണിച്ചാണ് വാട്ടർ മെട്രോ സമയം നീട്ടിയത്.(High Court Junction – Fort Kochi service time extended)
ദേശീയപാതയിലെ കുണ്ടന്നൂർ – തേവര പാലവും അലക്സാണ്ടർ പറമ്പിത്തറ പാലവും അടച്ചതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. അറ്റകുറ്റപ്പണികൾക്കായി ഈ മാസം 15നാണ് പാലങ്ങൾ അടച്ചത്. ഒരു മാസം നീണ്ട പ്രവൃത്തികൾ പൂർത്തിയാക്കി നവംബർ 15ന് മാത്രമേ പാലങ്ങൾ തുറന്നുകൊടുക്കൂ. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി, ഇടക്കൊച്ചി എന്നീ മേഖലകൾ ഉൾപ്പെടുന്ന പശ്ചിമ കൊച്ചിയിൽനിന്ന് നഗരത്തിലേക്ക് എത്തുന്നവരെയാണ് പാലങ്ങൾ അടച്ചത് ഏറ്റവും കൂടുതൽ ബാധിച്ചത്.
നഗരത്തിൽ ജോലി ചെയ്യുന്നവരിൽ ഏറെയും ഈ പ്രദേശങ്ങളിൽ ഉള്ളവരാണ്. പാലങ്ങൾ അടച്ചതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടന്നാണ് ജോലിക്കാരടക്കം നഗരത്തിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്.