‘അപര സ്ഥാനാർത്ഥികൾ ജനാധിപത്യത്തിന് ഭീഷണി’; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: തെരഞ്ഞെടുപ്പുകളിൽ മുന്നണി സ്ഥാനാർത്ഥികളുടെ സമാന പേരുകളുള്ള അപര സ്ഥാനാർത്ഥികളെ നിർത്തുന്ന പ്രവണതയ്‌ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തി. ഇത് ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
അപര സ്ഥാനാർത്ഥികളുടെ സാന്നിധ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, ഇതിലൂടെ യഥാർത്ഥ സ്ഥാനാർത്ഥികളുടെ വോട്ടുകൾ ചിതറിപ്പോകാനുള്ള സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരൊറ്റ വോട്ടുപോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിൽ അപര സ്ഥാനാർത്ഥികളെ നിർത്തുന്ന പ്രവണത തുടരുന്നുണ്ടെന്നും കോടതി വിമർശിച്ചു. ഇത്തരം നീക്കങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ അപര സ്ഥാനാർത്ഥികൾ സജീവമാണെന്നും കോടതി ശ്രദ്ധയിൽപ്പെടുത്തി. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന് നാല് അപരന്മാർ ഉണ്ടെന്നതും, ഒറ്റപ്പാലത്ത് ഉൾപ്പെടെ പല മണ്ഡലങ്ങളിലും സമാന സാഹചര്യങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾക്കെതിരെ ഇത്തരത്തിൽ അപരന്മാരെ നിർത്തുന്നത് വോട്ടുകൾ ചിതറാൻ കാരണമാകുന്നതായും, ഇത് തടയാനുള്ള നടപടികൾ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
English Summary
The Kerala High Court criticized the practice of fielding dummy candidates with similar names, calling it a threat to democracy as it confuses voters and splits votes.









