കൊച്ചി: സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിയമ ലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ അനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ പ്രകാരം പൊലീസ് നടപടി സ്വീകരിക്കണം. പ്രാദേശിക പൊലീസ് കേസെടുക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം. ഫ്ലക്സ് ഉള്‍പ്പടെയുള്ളവയുടെ നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും കോടതി പറഞ്ഞു.
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ വിഷയത്തിൽ പ്രതിമാസ അവലോകന യോഗം ചേരണം. ജില്ലാതല നിരീക്ഷണ സമിതി കണ്‍വീനര്‍മാരും അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. തെരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്സ് നിരോധനം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനും ഉറപ്പാക്കണം എന്നും കോടതി മാർഗനിർദേശത്തിൽ പറയുന്നു.