ദിവസം മുഴുവൻ ശരീരത്തിൽ സുഗന്ധം നിലനിർത്താൻ ഇതാ 5 വഴികൾ
സുഗന്ധം പ്രകടിപ്പിക്കുക എന്നത് ഒരു കലയാണ്. ശരിയായ പെർഫ്യൂം തിരഞ്ഞെടുക്കുന്നതു മാത്രമല്ല, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും സുഗന്ധം എത്രനേരം നിലനിൽക്കും എന്നതിനെ നിർണയിക്കുന്ന പ്രധാന ഘടകമാണ്.
പലപ്പോഴും വിലകൂടിയ പെർഫ്യൂമുകൾ ഉപയോഗിച്ചിട്ടും മണിക്കൂറുകൾക്കുള്ളിൽ അതിന്റെ മണം ഇല്ലാതാകുമ്പോൾ നമ്മൾ നിരാശരാകാറുണ്ട്.
എന്നാൽ, ചില ലളിതമായ പൊടിക്കൈകൾ പാലിച്ചാൽ രാവിലെ ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ സുഗന്ധം വൈകുന്നേരം വരെ നിലനിർത്താൻ സാധിക്കും.
വസ്ത്രത്തിലല്ല, ചർമ്മത്തിൽ തന്നെ
കുളി കഴിഞ്ഞ ഉടനെ, ചർമ്മത്തിലെ സുഷിരങ്ങൾ തുറന്നിരിക്കുന്ന സമയത്ത് പെർഫ്യൂം ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും.
പലരും പെർഫ്യൂം വസ്ത്രത്തിൽ അടിക്കാറുണ്ട്. എന്നാൽ ഇത് നല്ല ശീലമല്ല. വസ്ത്രങ്ങളിൽ പെർഫ്യൂം പെട്ടെന്ന് ബാഷ്പീകരിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം, ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കുമ്പോൾ സുഗന്ധം കൂടുതൽ സ്വാഭാവികമായും ദീർഘനേരം നിലനിൽക്കുകയും ചെയ്യും.
ശരിയായ അളവിൽ മാത്രം
കൂടുതൽ അടിച്ചാൽ കൂടുതൽ നേരം മണം ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ആവശ്യത്തിന് മാത്രം പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
ശരിയായ രീതിയിൽ, ശരിയായ ഭാഗങ്ങളിൽ, ശരിയായ അളവിൽ പ്രയോഗിച്ചാൽ സുഗന്ധം സ്വാഭാവികമായും ദീർഘനേരം നിലനിൽക്കും.
മോയ്സ്ചറൈസർ ഉപയോഗിക്കുക
വരണ്ട ചർമ്മത്തേക്കാൾ ഈർപ്പമുള്ള ചർമ്മത്തിലാണ് പെർഫ്യൂമിന്റെ മണം കൂടുതൽ നേരം പിടിച്ചുനിൽക്കുന്നത്.
അതിനാൽ പെർഫ്യൂം പ്രയോഗിക്കുന്നതിന് മുൻപ് മണമില്ലാത്ത മോയ്സ്ചറൈസറോ ലോഷനോ അല്ലെങ്കിൽ അല്പം വാസലിനോ ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്.
ഇത് സുഗന്ധത്തെ ചർമ്മത്തിൽ ‘ലോക്ക്’ ചെയ്യാൻ സഹായിക്കുകയും ദീർഘനേരം നിലനിൽക്കാനും ഇടയാക്കുകയും ചെയ്യും.
പെർഫ്യൂം തിരുമ്മരുത്
കൈത്തണ്ടയിൽ പെർഫ്യൂം അടിച്ചതിന് ശേഷം പലരും അത് തമ്മിൽ തിരുമ്മാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പെർഫ്യൂമിലെ സുഗന്ധ തന്മാത്രകളെ തകർക്കുകയും മണം വേഗത്തിൽ ഇല്ലാതാകാനും കാരണമാകും.
പെർഫ്യൂം പ്രയോഗിച്ച ശേഷം അത് ചർമ്മത്തിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക.
പൾസ് പോയിന്റുകൾ തിരഞ്ഞെടുത്താൽ
ശരീരത്തിലെ രക്തയോട്ടം കൂടുതലുള്ള ഭാഗങ്ങളെയാണ് പൾസ് പോയിന്റുകൾ എന്ന് പറയുന്നത്. കൈത്തണ്ട, കഴുത്തിന്റെ ഇരുവശങ്ങൾ, ചെവിയുടെ പിൻഭാഗം, മുട്ടിന് പിന്നിലെ ഭാഗം, നെഞ്ചിന്റെ മധ്യഭാഗം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ഈ ഭാഗങ്ങളിലെ ചൂട് പെർഫ്യൂമിന്റെ സുഗന്ധം പതുക്കെ പുറത്തുവിടാൻ സഹായിക്കുന്നതിനാൽ മണം ദീർഘനേരം നിലനിൽക്കും.









