ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി
തിരുവനന്തപുരം: ഉത്തരേന്ത്യയിൽ കനത്ത മഴ മൂലം ട്രെയിൻ സർവീസ് റദ്ദാക്കി. ഇന്ന് ഉച്ചയ്ക്കു 2.15ന് പുറപ്പെടേണ്ട കന്യാകുമാരി – കത്ര ഹിമസാഗർ എക്സ്പ്രസ് ആണ് റദ്ദാക്കിയത്.
കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നാലുദിവസം എടുത്താണ് കത്രയിലെ മാതാ വൈഷ്ണോ ദേവി സ്റ്റേഷനിൽ എത്തിച്ചേരുക. മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിൽ മേഘസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ ഏറ്റവും വലിയ നാശം ആണ് സംഭവിച്ചിരിക്കുന്നത്.
കൂടുതൽ ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴയും മേഘവിസ്ഫോടനവും മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ കൂടി അധികൃതർ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 45 ആയി ഉയർന്നു. മണ്ണിടിച്ചിലിൽ പാലങ്ങൾ തകരുകയും വൈദ്യുതി ലൈനുകൾക്കും മൊബൈൽ ടവറുകൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കാലാവസ്ഥയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെത്തുടർന്ന് വ്യാഴാഴ്ച ഝലം, ചെനാബ് തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. ഇതോടെ അധികൃതർ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഇന്നും കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത, കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട്. മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് പ്രധാനമായും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ധർ പറയുന്നു.
കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പുകൾ പ്രകാരം, ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെ ശക്തമായ മഴയായി വിഭാഗീകരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഓറഞ്ച് അലർട്ട് ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് വകുപ്പ് വിലയിരുത്തുന്നു. നിലവിൽ ഛത്തീസ്ഗഢിനു മുകളിലുള്ള ന്യൂനമർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നതെന്ന് വ്യക്തമാക്കുന്നു.
മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്
കേരള–ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും കടലിൽ പോകരുതെന്ന് മത്സ്യതൊഴിലാളികളെ മുന്നറിയിപ്പു നൽകി.
ഇന്ന് (ആഗസ്റ്റ് 29), ആഗസ്റ്റ് 31, സെപ്റ്റംബർ 1 എന്നീ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ
30/08/2025 വരെ: മദ്ധ്യ–പടിഞ്ഞാറൻ അറബിക്കടലിലും, തെക്ക്–പടിഞ്ഞാറൻ, മദ്ധ്യ–കിഴക്കൻ അറബിക്കടലിലുമാണ് ശക്തമായ കാറ്റിനുള്ള സാധ്യത.
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും, ചിലപ്പോൾ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാമെന്ന് പ്രവചിക്കുന്നു.
30/08/2025 & 01/09/2025: തെക്കൻ തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരത്തും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും,
ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശും. മോശം കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ട്.
29/08/2025: തെക്കൻ ഗുജറാത്ത്, കൊങ്കൺ–ഗോവ തീരങ്ങൾ, മദ്ധ്യ–കിഴക്കൻ അറബിക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം,
തെക്കൻ ആന്ധ്രാപ്രദേശ് തീരം, മദ്ധ്യ ബംഗാൾ ഉൾക്കടൽ, തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.
Summary: Heavy rains in North India have led to cancellation of train services. The Kanyakumari–Katra Himsagar Express, scheduled to depart at 2:15 PM today, has been cancelled.