വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു പൊട്ടിച്ച സംഭവം; പ്രധാനാധ്യാപകനെ സ്ഥലംമാറ്റി
കാസര്‍ഗോഡ്: കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ പ്രധാനാധ്യാപകന് സ്ഥലംമാറ്റം. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെയാണ് നടപടി.
ഇദ്ദേഹത്തെ കടമ്പാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഈ മാസം 11ന് സ്‌കൂള്‍ അസംബ്ലിക്കിടെയാണ് സംഭവം. കാല്‍ കൊണ്ട് ചരല്‍ നീക്കി കളിച്ചതിനു പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയെ ഹെഡ്മാസ്റ്റര്‍ എം അശോകന്‍ കരണത്തടിക്കുകയായിരുന്നു.
പരിശോധനയില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രക്ഷിതാക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കി. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
ഇതോടെയാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെ സംഭവമന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയത്. പിന്നാലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മധുസൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.
എന്നാല്‍ രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇതുവരെ അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.
Summary: The headmaster of Kundamkuzhi Government Higher Secondary School, M. Ashokan, has been transferred following an incident where a 10th standard student’s eardrum was ruptured after being assaulted. The Director of Public Instruction issued the order, transferring him to Kadambar Government Higher Secondary School.