19 വർഷത്തിനിടെ 11 പ്രസവം; ഒടുവിൽ മുപ്പത്തേഴാം വയസിൽ ആഗ്രഹം നിറവേറ്റി യുവതി
ജിന്ദ്: ആൺകുഞ്ഞ് വേണമെന്ന കുടുംബത്തിന്റെ ശക്തമായ ആഗ്രഹം നിറവേറ്റാൻ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ 37 വയസ്സുള്ള യുവതി 11 തവണ പ്രസവിച്ചു.
ആദ്യ പത്ത് പ്രസവങ്ങളിലും പെൺകുട്ടികളാണ് ജനിച്ചതിനെ തുടർന്ന് പതിനൊന്നാമതും യുവതി ഗർഭം ധരിക്കുകയായിരുന്നു. ഇക്കുറി ആൺകുഞ്ഞ് ജനിച്ചതോടെ കുടുംബം കുട്ടിക്ക് ‘ദിൽഖുഷ്’ എന്ന് പേരിട്ടു.
മാതാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആശുപത്രി അധികൃതർ അതീവ ജാഗ്രതയോടെയാണ് ചികിത്സ നൽകിയത്. പ്രസവസമയത്ത് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ഇരുവരെയും ഡിസ്ചാർജ് ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി. ജനുവരി മൂന്നിനാണ് യുവതിയെ പതിനൊന്നാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
19 വർഷത്തെ ദാമ്പത്യജീവിതത്തിനിടെയാണ് യുവതി 11 പ്രാവശ്യം ഗർഭം ധരിച്ചത്. കുടുംബത്തിന് ആൺകുഞ്ഞ് വേണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും പോലെ ഹരിയാനയിലും ആൺകുഞ്ഞ് വേണമെന്ന സാമൂഹിക മനോഭാവം ഇപ്പോഴും ശക്തമാണെന്നതിന്റെ ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം കുടുംബത്തിൽ ആൺകുഞ്ഞ് വേണമെന്നു താനും തന്റെ മൂത്തപെൺമക്കളും ആഗ്രഹിച്ചിരുന്നതായി യുവതിയുടെ ഭർത്താവ് സഞ്ജയ് കുമാർ പറഞ്ഞു.
വരുമാനം പരിമിതമാണെങ്കിലും പെൺമക്കൾക്കെല്ലാം വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. ദിവസ വേതന തൊഴിലാളിയാണ് ഇയാൾ. ദമ്പതികളുടെ മൂത്ത മകൾ പ്ലസ്ടുവിനു പഠിക്കുകയാണിപ്പോൾ.
സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നും കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണെന്നുമാണ് മാധ്യമങ്ങളോടു സംസാരിക്കവേ സഞ്ജയ്കുമാർ പറഞ്ഞത്.
അതേസമയം തന്റെ പത്തുമക്കളുടെ പേര് പെട്ടെന്നു ഓർത്തെടുക്കാൻ സഞ്ജയ്കുമാർ ബുദ്ധിമുട്ടുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
English Summary
In a striking case highlighting gender preference, a 37-year-old woman in Haryana’s Jind district gave birth 11 times over 19 years, as her family desired a male child. After ten consecutive daughters, she delivered a baby boy in her eleventh pregnancy, and the family named him “Dilkhush.” Due to health risks, the mother was closely monitored during delivery and required three units of blood. Both mother and child are now healthy. The incident once again draws attention to the persistent preference for male children in parts of India, especially in Haryana.
haryana-jind-woman-11-deliveries-male-child-preference
Haryana, Jind, gender bias, male child preference, women health, childbirth, social issues, India news









