മുംബൈ: ഐപിഎൽ അവസാനിക്കുന്നത്തോടെ ആരംഭിക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. മറ്റു താരങ്ങളിലെല്ലാം ടീം പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം സ്ക്വാഡില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യയുടെ ലോകകപ്പ് സെലക്ഷന്‍ ഐപിഎല്ലില്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ ബൗളിംഗ് പ്രകടനത്തെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ 2024 സീസണില്‍ ഇതുവരെ ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹാര്‍ദിക് പാണ്ഡ്യക്ക് കഴിഞ്ഞിട്ടില്ല.
ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പ്രധാന കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്നാണ് മൂവരും ധാരണയിലെത്തിയിരിക്കുന്നത്. ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയ ആറില്‍ നാല് മത്സരങ്ങളില്‍ മാത്രമേ പാണ്ഡ്യ പന്തെറിഞ്ഞുള്ളൂ. ആദ്യ രണ്ട് കളികളില്‍ ഗുജറാത്ത് ടൈറ്റന്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും എതിരെ മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് പാണ്ഡ്യയായിരുന്നു. ഈ മത്സരങ്ങളില്‍ മൂന്നും നാലും ഓവറുകള്‍ വീതം എറിഞ്ഞു. എന്നാല്‍ പിന്നീടുള്ള രണ്ട് കളികളില്‍ പന്തെറിയാന്‍ തയ്യാറായില്ല. ഇതിന് ശേഷം ആര്‍സിബിക്കെതിരെ ഒന്നും ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മൂന്നും ഓവറുകളാണ് ബൗളിംഗിലേക്കുള്ള മടങ്ങിവരവില്‍ എറിഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈയുടെ കഴിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയെങ്കിലും മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങി. തന്‍റെ അവസാന ഓവറില്‍ സിഎസ്കെ ഫിനിഷര്‍ എം എസ് ധോണിക്കെതിരെ ഹാട്രിക് സിക്സുകള്‍ക്കാണ് താരം വഴങ്ങിയത്. ഈ ഡെത്ത് ഓവറില്‍ മാത്രം 26 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ പാണ്ഡ്യക്കെതിരെ അടിച്ചുകൂട്ടിയത്. സിഎസ്കെയ്ക്കെതിരെ ബാറ്റിംഗിലാവട്ടെ ആറ് പന്തില്‍ 2 റണ്‍സേ താരത്തിനു നേടാൻ കഴിഞ്ഞുള്ളൂ. ഇതോടെ ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പ് കളിക്കുന്ന കാര്യം അവതാളത്തിലായിരിക്കുകയാണ്.
ഐപിഎല്‍ 2024ല്‍ ആറ് കളികളില്‍ 131 റണ്‍സും മൂന്ന് വിക്കറ്റും മാത്രമേ ഹാര്‍ദിക് പാണ്ഡ്യക്കുള്ളൂ. 12.00 ഇക്കോണിയിലാണ് താരം പന്തെറിയുന്നത് എന്നതാണ് സെലക്ടര്‍മാരുടെവലിയ ആശങ്ക . ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്ന പേസ് ഓള്‍റൗണ്ടറായ പാണ്ഡ്യ നാല് ഓവര്‍ ക്വാട്ട എറിയാത്തത് ഇതിനകം വലിയ വിമര്‍ശനങ്ങളാണ് ഉയർത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും പരിക്കിന്‍റെ പിടിയിലാണോ എന്ന സംശയം പല മുന്‍ താരങ്ങള്‍ക്കുമുണ്ട്. രണ്ട് മത്സരങ്ങളില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തിട്ടും ന്യൂബോളില്‍ പാണ്ഡ്യക്ക് സ്വിങ്ങോ ഇംപാക്ടോ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
ശിവം ദുബെയാണ് ലോകകപ്പ് സ്ക്വാഡിലെത്താനുള്ള പോരാട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വെല്ലുവിളിയുയര്‍ത്തുന്ന താരം. മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കിൽ പാണ്ഡ്യക്ക് സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പ്.