ഈണം പോലെ , താളം പോലെ പൊന്നിൻ ചിങ്ങ മാസത്തിലെ പൂത്തിരുവോണം . ഒരുപാട് നന്മയും ,സ്നേഹവും പൂനിലാവ് പോലെ മനസ്സിൽ പൊഴിക്കുന്ന പൊന്നോണമാണിന്ന്.Happy Onam from News 4 Media to all readers
മാനുഷരെല്ലാരും ഒന്നുപോലെ സന്തോഷിച്ച കാലത്തിന്റെ ഓർമ്മദിവസം. സമൃദ്ധവും സുന്ദരവുമായ ആ കാലത്തെ ഒരുത്സവമായി ആഘോഷിക്കുന്നു. എല്ലാ മലയാളികൾക്കും ന്യൂസ് 4 മീഡിയയുടെ ഓണാശംസകൾ.
ലോകത്തൊരിടത്തുമില്ല ഇങ്ങനെയൊരുത്സവം. എല്ലാവരുമൊന്നെന്ന സമഭാവനയുടെ ആഘോഷം. ഉള്ളവനും ഇല്ലാത്തവനുമെന്നോ വലിയവനും ചെറിയവനുമെന്നോ നേതാവും അനുയായിയുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഭേദമില്ലാത്ത ഒരു കാലത്തെ പുനരവതരിപ്പിക്കുമ്പോൾ ഏതു പ്രായക്കാരും കുട്ടികളെപ്പോലെ ആനന്ദിക്കുന്ന ദിനം.
എല്ലാം നല്ലതാകുമ്പോളുള്ള ആനന്ദം. മനസ്സു ശുദ്ധമാകുമ്പോഴുള്ള ആമോദം. കള്ളപ്പറയും ചെറുനാഴിയുമില്ല. അളന്നുതൂക്കാത്ത സ്നേഹത്തിന്റെ ആവേശമാണ് നാടെങ്ങും. പൂക്കളുടെയും പുടവകളുടെയും ഉത്സവത്തിന് പൂമ്പാറ്റകളെപ്പോലെയാണ് മനസ്സുകൾ.
സമൃദ്ധിയും സംശുദ്ധിയും കലരുകയാണിവിടെ. ജാതിയോ മതമോ ദേശമോ വേഷമോ ജീവിതാവസ്ഥയോ ഒന്നും ആരെയും വേറിട്ടതാക്കുന്നില്ല. ആരും ചെറുതല്ലെന്ന ചെറുതല്ലാത്ത സന്ദേശം നാടിന്റെ ആഘോഷമായി മാറുമ്പോൾ ലോകത്തേക്കാൾ വലുതാകുന്നുണ്ട് ഈ കൊച്ചു കേരളം.
പൂവിളിയോടെയാണ് നാം ഓണത്തെ സ്വീകരിക്കുന്നത് . മുക്കുറ്റിയും ,കാശിത്തുമ്പയും ,കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയും . ലോകത്ത് എവിടെയായാലും ഇതൊന്നും ഒരു മലയാളിയ്‌ക്കും വിസ്മരിക്കാനാവില്ല .
അച്ഛന്റെ കൈയ്യിൽ നിന്നും സ്നേഹത്തോടെ ഓണക്കോടി വാങ്ങി , നല്ല തുമ്പപ്പൂ ചോറും ,പരിപ്പും , ,നെയ്യും കൂട്ടിയുള്ള സദ്യയുണ്ട് , ചേച്ചിമാർക്കും , അനിയന്മാർക്കുമൊപ്പം ഊഞ്ഞാലിൽ ആടിയ ദിനങ്ങൾ . കുടമുല്ലപ്പൂ അണിഞ്ഞ് ,പൊട്ടിച്ചിരിക്കുന്ന വളകൾക്കൊപ്പം തിരുവാതിര ആടിയ ദിവസം ഇന്നും മറക്കാത്ത എത്രയോ സുന്ദരികളുണ്ടാകും . പൂ വിളിച്ച് , പൂവിറുത്ത് , പൂപ്പട കൂട്ടി ,പൂവട ചുട്ട് മലയാളിയുടെ സ്വന്തം തിരുവോണം.