മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്. പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചനക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎൽഎയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കെ പകുതി വില തട്ടിപ്പ് കേസിൽ ഊർജ്ജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബിൽ റേഞ്ച് ഡിഐജിയും റൂറൽ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു.
അതേസമയം, 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിൻറെ നാല് ബാങ്ക് അക്കൗണ്ടുകൽ പൊലീസ് മരവിപ്പിച്ചുണ്ട്.
ബിനാമി അക്കൗണ്ടുകൾപ്പെടെ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കുമെങ്കിലും തട്ടിയെടുത്ത പണം ഏത് അക്കൗണ്ടിലാണെന്നത് കണ്ടെത്താനായിട്ടില്ല.
ഇടുക്കിയിലും പാലായിലും വസ്തുക്കൾ വാങ്ങിയതായും, വാഹനങ്ങൽ വാങ്ങിയതായും അനന്തു മൊഴി നൽകിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കോ മറ്റ് വിഐപികൾക്കോ പണം നൽകിയതായി അനന്തു സമ്മതിച്ചിട്ടില്ല. അനന്തുവിൻറെ പണമിടപാടുകളും പണം കൈമാറിയതിൻറെ ബാങ്ക് രേഖകളും പൂർണമായും പരിശോധിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.