ഇടുക്കി: കേരള ജനത കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസമാണ് പ്രതിയുടെ കസ്റ്റഡി കാലാവധി
കട്ടപ്പന, തങ്കമണി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി. കട്ടപ്പന കോടതിയാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുടെ വരവിൽ ഇനിയും ശമനമുണ്ടായിട്ടില്ല. രണ്ടാഴ്ച്ച മുൻപ് വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 ഓളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്.
231 കോടി രൂപയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ ലഭിച്ചിട്ടുള്ള കേസുകളിൽ നിന്നും 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും.
കേരളത്തിൽ ഉടനീളം 48,384 പേരാണ് തട്ടിപ്പിനിരയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട മുഖ്യപ്രതികളെല്ലാം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. സീഡ് വഴിയും, എൻജിഒ കോൺഫെഡറേഷൻ മുഖേനയുമായിരുന്നു തട്ടിപ്പ്.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും വിവരങ്ങൾ പുറത്തുവരാൻ ഉണ്ട്. പ്രമുഖ വ്യക്തികളുടെ ഒപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ്.
മാത്രമല്ല ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകളും മറ്റും നൽകിയതും വിശ്വാസം പിടിച്ചുപറ്റാൻ കാരണമായി. പിന്നീട് ചേർന്നവർക്ക് സ്കൂട്ടറുകൾ ലഭിക്കാതായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.