അതിഥി തൊഴിലാളികൾ കേരളത്തിൽനിന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. പൗരത്വമടക്കമുള്ള വിഷയങ്ങൾ സജീവമായതോടെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദവും വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണവും ആണ് തൊഴിലാളികളുടെ കൂട്ടമടക്കത്തിന് പ്രധാന കാരണം. അരി മില്ലുകൾ ഹോട്ടലുകൾ എന്നിവിടങ്ങളിലും അതിഥി തൊഴിലാളികളുടെ മടക്കം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂർ തടി വ്യവസായ മേഖലയിൽ നിന്ന് മാത്രം നിത്യവും നൂറുകണക്കിന് പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. അസം, ബംഗാൾ, ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് കൂടുതലായും മടങ്ങിയത്.
മുഴുവൻ സമയം പ്രവർത്തിച്ചിരുന്ന പെരുമ്പാവൂർ തടിവ്യവസായ മേഖലയിൽ തൊഴിലാളികളില്ലാത്തതിനാൽ പ്രവർത്തനം നിർത്തിയെന്ന് സോമിൽ ഓണഴ്‌സ് ആൻ്റ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറഞ്ഞു.
നിർമാണമേഖലയിലും പണിയെടുക്കുന്നവരിൽ പകുതിപേരും അതിഥിതൊഴിലാളികളാണ്. തെരഞ്ഞെടുപ്പിനോടൊപ്പം ഈദ് ആഘോഷവും കൂടിയെത്തിയതോടെ പലരും നേരത്തെ തന്നെ നാട്ടിലേക്ക് വണ്ടി കയറി. ഇതോടെ പെരുമ്പാവൂരിലെ തടിവ്യവസായ മേഖലയടക്കം ഏറെക്കുറെ സ്തംഭനത്തിലാണ്.