കൊല്ലം: ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ ആണെന്ന് സ്ഥിരീകരണം. ഒരു കണ്ടെയ്‌നറില്‍ മാത്രമേ തേയിലയുള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കണ്ടെയ്‌നര്‍ നമ്പര്‍ പരിശോധിച്ചാല്‍ കണ്ടെയ്‌നറില്‍ എന്താണ് ഉള്ളതെന്ന് വ്യക്തമാകുമെന്നും തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
അതിനിടെ ചരക്കുകപ്പൽ പൂർണമായും മുങ്ങിയതോടെ കണ്ടെയ്‌നറുകൾ തീരത്ത് അടിയാൻ തുടങ്ങി. കൊല്ലം തീരത്താണ് കൂടുതൽ കണ്ടെയ്‌നറുകൾ എത്തിക്കൊണ്ടിരിക്കുന്നത്. 13 കണ്ടെയ്‌നർ ഇതിനകം എത്തി. നീണ്ടകര ,ശക്തികുളങ്ങര ഭാഗങ്ങളിൽ ആണ് കണ്ടെയ്‌നറുകൾ എത്തുന്നത്.
നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശം രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശം മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഒന്ന് എന്നിങ്ങനെയാണ് എത്തിയിട്ടുള്ളത്. കണ്ടെയ്‌നറുകൾ എല്ലാം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് കയറുകൊണ്ട് ബന്ധിച്ചു.
കണ്ടെയ്‌നര്‍ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിസിച്ചിരുന്നു. തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്നര്‍ കടലിലേക്ക് വീണ സംഭവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ കഴിഞ്ഞ ദിവസം ഓയിലിന്റെ സാന്നിധ്യം കണ്ടതായും സംശയം ഉയർന്നിരുന്നു.
കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബി കടലിലായി കണ്ടെയ്‌നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു.