കൊച്ചി: എട്ടുമാസമായി വെള്ളമില്ലാതെ മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി. വാട്ടര്‍ കണക്ഷനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും കണക്ഷന്‍ ലഭിച്ചിട്ടില്ല.
കുടിവെള്ളവും മറ്റു ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളവുമില്ലാതെ ദുരിതത്തിലാണ് രോഗികളും ജീവനക്കാരും. വാഴക്കുളം പഞ്ചായത്തിലെ മാറംപള്ളിക്ക് അടുത്തുള്ള മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് ഒരു വര്‍ഷത്തിന് മുകളിലായി കടുത്ത ദുരിതമനുഭവിക്കുന്നത്.
നാട്ടുകാര്‍ നിരവധി തവണ വെള്ളമില്ലാത്തതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഡോക്ടര്‍ ഉള്‍പ്പെടെ നാലു സ്ത്രീ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വെള്ളമില്ലാത്തതിനാല്‍ പരിശോധനക്ക് ആയി എത്തുന്നവരും ബുദ്ധിമുട്ടിലാണ്.
അടുത്തുള്ള കിണറില്‍നിന്നാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ വെള്ളമെടുത്തിരുന്നത്. എന്നാല്‍ വെള്ളത്തിന് രൂക്ഷഗന്ധമുണ്ടായതിനെ തുടര്‍ന്നാണ് കിണറില്‍നിന്നും വെള്ളമെടുക്കുന്നത് അവസാനിപ്പിച്ചത്.
കെട്ടിടത്തില്‍ ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. ഇനിയും അവഗണന തുടര്‍ന്നാല്‍ പ്രതിഷേധമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും നാട്ടുകാര്‍ പറയുന്നു.