ഇന്ത്യൻ ഐടി മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു ഡിലീറ്റ് ചെയ്ത ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിച്ച് ഗൂഗിൾ പ്ലെ സ്റ്റോർ. ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം. സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയ ഭാരത് മാട്രിമോണി, നൗക്രി തുടങ്ങിയ ആപ്പുകളാണ് പുനഃസ്ഥാപിച്ചത്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ താക്കോലാണെന്നും അതിന്റെ മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഐടി മന്ത്രാലയത്തിന്റെ ഇടപെടൽ. ടെക് ഭീമൻ്റെ നീക്കത്തെ കേന്ദ്രം ശക്തമായി എതിർത്തു മണിക്കൂറുകൾക്കകമാണ് ആപ്പുകൾ പുനസ്ഥാപിച്ചത്.
പട്ടികയിൽ നിന്ന് പുറത്താക്കിയ ആപ്പ് ഡെവലപ്പർമാരുമായും ഗൂഗിൾ അധികൃതരുമായും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് വൈഷ്ണവ് അറിയിച്ചു. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11 ശതമാനം മുതൽ 26 ശതമാനം വരെ സേവന ഫീസ് ഗൂഗിൾ ചുമത്തുന്നതിനെതിരായ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ എതിർപ്പാണ് ഗൂഗിളിനെ പ്രകോപിപ്പിച്ചത്.