ഡൊണാൾഡ് ട്രംപ് ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
സാൻഫ്രാൻസിസ്കോ: യു.എസിലെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കാ ഉൾക്കടൽ എന്നാക്കുമെന്ന് ഗൂഗിൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ, സർക്കാരിന്റെ ഔദ്യോഗികരേഖയിൽ പേരുമാറുമ്പോഴേ ഗൂഗിൾ മാപ്പിലും പേരുമാറ്റൂവെന്ന് ഗൂഗിൾ വ്യക്തമാക്കി.(Google Maps will rename Gulf of Mexico in US)
യു.എസ്. ഒഴികെയുള്ളിടങ്ങളിലെ ഗൂഗിൾ മാപ്പിൽ ഉൾക്കടലിന്റെ പേര് മെക്സിക്കോ എന്ന് തന്നെ തുടരും. ട്രംപിന്റെ നിർദേശാനുസരണം മെക്സിക്കോ ഉൾക്കടൽ ഇനിമുതൽ അമേരിക്കാ ഉൾക്കടൽ എന്നാകും ഔദ്യോഗികമായി അറിയപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച യു.എസ്. ആഭ്യന്തരവകുപ്പ് അറിയിച്ചിരുന്നു.
വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയായ ഡെനാലിയുടെ പേര് ഇനിമേൽ മക്കിൻലി എന്നാകുമെന്നും ആഭ്യന്തരവകുപ്പ് പറഞ്ഞിരുന്നു. എന്നാൽ, ഭൂനാമങ്ങൾ വ്യക്തമാക്കുന്ന യു.എസ്. സർക്കാരിന്റെ വിവരശേഖരത്തിൽ പേരുമാറ്റം രേഖപ്പെടുത്തുന്നത് വരെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടൽ എന്ന് തന്നെ തുടരും.