കോവിഡ് മഹാമാരിയുടെ കാലത്ത് ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് കമ്പനി. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൊവാക്സിൻ സുരക്ഷിതമെന്ന് കമ്പനി അറിയിച്ചത്. കോവാക്സിൻ വികസിക്കുമ്പോൾ തങ്ങൾ പ്രാഥമിക പരിഗണന നൽകിയത് സുരക്ഷിതത്വത്തിന് ആണെന്ന് കമ്പനി പറയുന്നു. കോവാക്സിനിൽ രക്തം കട്ടപിടിക്കുക ടിടിഎസ്, വിഐടിടി പെരികാർഡൈറ്റിസ് തുടങ്ങി യാതൊരു പാർശ്വഫലങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് അവകാശപ്പെടുന്നു.
വാക്സിൻ വികസിപ്പിച്ച ശേഷം ലൈസൻസ് ലഭിക്കുന്നതിനായി 27000 ഓളം വിഷയങ്ങളിലും വിശദമായ സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ചും കർശന പരിശോധന നടന്നിട്ടുണ്ട്. ഇവയെല്ലാം വിജയിച്ചാണ് പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും കമ്പനി പറയുന്നു. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നിർമ്മാതാക്കളായ ആസ്ട്ര സനൈക്ക കമ്പനി തന്നെ രംഗത്തെത്തിയത് വാർത്തയായ സാഹചര്യത്തിലാണ് ഭാരത് ബയോ ടെക്കിന്റെ വിശദീകരണം.